Asianet News MalayalamAsianet News Malayalam

'നിഷ്ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഇന്നസെന്റ്'; വിയോഗത്തിൽ അനുശോചിച്ച് വി ഡി സതീശൻ

ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.

V D Satheesan on Innocent death jrj
Author
First Published Mar 27, 2023, 12:03 AM IST

കൊച്ചി : നടൻ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.

സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്. 

എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെൻ്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെൻ്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിൻ്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും വി ഡി സതീശൻ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ്.

Read More : 'മഹാനായ കലാകാരൻ, പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകൻ'; അനുസ്മരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ 

Follow Us:
Download App:
  • android
  • ios