Asianet News MalayalamAsianet News Malayalam

ഇക്കാര്യങ്ങള്‍ മോദിയെയും ലാലിനെയും ഹൃദയംകൊണ്ട് അടുപ്പിച്ചു; ആശംസകളുമായി വി മുരളീധരന്‍

മോഹൻലാൽ എന്ന മനുഷ്യനെ അടുത്തും അകന്നും നിന്ന് താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന്റെ മനസും അദ്ദേഹത്തിനുണ്ട്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയൽ ആർ‍മി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണൽ പദവി സമ്മാനിച്ചത്

v muraleedharan wishes to mohanlal on his 60th birthday
Author
Thiruvananthapuram, First Published May 21, 2020, 11:45 AM IST

തിരുവനന്തപുരം: അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇത്ര അനായാസമായി കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറുന്ന ജാലവിദ്യയറിയാവുന്ന മറ്റൊരു മനുഷ്യനുണ്ടോയെന്ന് ഓരോ സിനിമയിലും നമുക്ക് തോന്നിപ്പോകുമെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

ഇതിനെല്ലാമപ്പുറം മോഹൻലാൽ എന്ന മനുഷ്യനെ അടുത്തും അകന്നും നിന്ന് താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന്റെ മനസും അദ്ദേഹത്തിനുണ്ട്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയൽ ആർ‍മി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണൽ പദവി സമ്മാനിച്ചത്.

അതിനായി മോഹൻലാൽ നടത്തിയ കഠിനാധ്വാനം രാജ്യസ്നേഹിയായ ഏതൊരു പൗരനും മാതൃകയാണ്. ഇന്ത്യൻ സൈന്യത്തിന് ലാൽ നൽകിയ ഊർജം വിലപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നവരിലൊരാളാണ് ലാൽ. ലാലിന്റെ തന്നെ വാ‍ക്കുകൾ കടമെടുത്താൽ, പൊരുതാനുളള മനസും ജീവിതത്തിലെ സുതാര്യതയുമാണ് ഹൃദയംകൊണ്ട് ഇരുവരേയും അടുപ്പിച്ചത്. ലാൽ എന്ന മനുഷ്യനെപ്പറ്റി അദ്ദേഹത്തെ അടുത്തറി‌ഞ്ഞ പലരും തന്നോട് പറഞ്ഞിട്ടുണ്ട്.

മറ്റുളളവരുടെ വേദനകൾ കാണുമ്പോൾ വിങ്ങിപ്പൊട്ടുന്ന സാധാരണക്കാരനാണ് അദ്ദേഹം. ആ സാന്ത്വനം എത്രയോ പേ‍ർക്ക് ജീവിതത്തിലേക്കുളള കച്ചിത്തുരുമ്പായെന്ന് പുറം ലോകം ഒരു പക്ഷേ അറിഞ്ഞിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകൾ ചേർത്ത് രൂപീകരിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

എത്രയോ പേർക്ക് ജീവിതത്തിലേക്കുളള വെളിച്ചമാകാൻ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. ലാൽ എന്ന നടന്, ലാൽ എന്ന മനുഷ്യന്, ലാൽ എന്ന രാജ്യസ്നേഹിക്ക് ഇങ്ങനെയൊക്കെയേ ആകാൻ കഴിയൂ. മലയാളികളെ രസിപ്പിച്ചും ചിന്തിപ്പിച്ചും ഇതേപോലെ തന്നെ ഞങ്ങളിൽ ഒരാളായി തുടരുകയെന്നും മുരളീധരന്‍ കുറിച്ചു.

 

Follow Us:
Download App:
  • android
  • ios