'വാഴ 2' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഷ്യൽ മീഡിയ താരം അജിൻ ജോയ്, മോഹൻലാലിന്റെ 367-ാമത് ചിത്രമായ 'ഓപ്പറേഷൻ ഗംഗ'യിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.
അടുത്ത കാലത്തായി മലയാള സിനിമയിൽ തിളങ്ങുന്നത് സോഷ്യൽ മീഡിയ താരങ്ങളാണ്. മൊബൈൽ ഫോണിന് മുന്നിൽ അഭിനയിച്ചിരുന്ന ഇവർ ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ മലയാളികൾക്ക് സമ്മാനിച്ചത് മികച്ച കഥാപാത്രങ്ങളും സിനിമകളുമാണെന്ന കാര്യത്തിൽ തർക്കമില്ല. അത്തരത്തിൽ ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ വാഴ 2ലെ താരമാണ് അജിൻ ജോയ്. പ്രകടനം കൊണ്ട് മറ്റുള്ളവരെ പോലെ ഞെട്ടിച്ച അജിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. അതും സാക്ഷാൽ മോഹൻലാലിന് ഒപ്പം.
വിഷ്‍ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യിൽ ആണ് അജിൻ ജോയിയും ഭാഗമായിരിക്കുന്നത്. ഈ സന്തോഷം പങ്കുവച്ചൊരു കുറിപ്പും അജിൻ പങ്കിട്ടിട്ടുണ്ട്. ‘അടുത്തൊരു യാത്ര കൂടി… കൂടെ കാണണം’, എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് അജിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഓപ്പറേഷൻ ഗംഗ’. മോഹൻലാലിന്റെ കരിയറിലെ 367-ാമത് ചിത്രം കൂടിയാണിത്. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങിയ പടത്തിന്റെ ഷൂട്ടിംഗ് ജോർജിയയിൽ ആരംഭിച്ചിട്ടുണ്ട്. അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. ശാശ്വത് സച്ച്ദേവ്(‘ധുരന്തർ’) ആണ് സംഗീത സംവിധാനം. മിറോസ്ലാവ് കുബ ബ്രോസെക്(‘പുഷ്പ 1’, ‘പുഷ്പ 2’) ആണ് ഛായാഗ്രാഹകന്‍.



