'വാഴ 2' എന്ന സിനിമയിലൂടെ വീണ്ടും ചർച്ചയായ വൈറൽ പടക്കം വീഡിയോയിലെ യഥാർത്ഥ വ്യക്തിയാണ് ഷിബൻ ലാൽ. വർഷങ്ങൾക്കുമുൻപ് മകനുവേണ്ടി പടക്കം പൊട്ടിച്ചപ്പോൾ സംഭവിച്ച അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയ സിനിമയായിരുന്നു വാഴ 2. സിനിമയിലെ ഓരോ സീനും ഏറെ ശ്രദ്ധനേടുകയും ചെയ്തു. അക്കൂട്ടത്തിൽ മലയാളികളെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് ബിജുക്കുട്ടന്റെ പടക്കം പൊട്ടിക്കുന്ന സീനായിരുന്നു. ഓരോ വിഷുവിനും മലയാളികൾ ഒന്നടങ്കം ഷെയർ ചെയ്തൊരു വൈറൽ വീഡിയോയുടെ സിനിമാവിഷ്കാരം ആയിരുന്നു അത്. വാഴ 2 തിയറ്ററിൽ മുന്നേറുന്നതിനിടെ തന്നെ വൈറൽ ആയ ആ വ്യക്തിയെ ബിജുക്കുട്ടൻ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ എത്തിച്ചു. കെഎസ്‍ആർടിസി ജീവിനക്കാരനായ ഷിബൻ ലാൽ ആണ് ആ വ്യക്തി. ഇപ്പോഴിതാ ആ വീഴ്ചയ്ക്കും വീഡിയോ വൈറലായതിനും ശേഷം തന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്ന് പറയുകയാണ് ഷിബൻ ലാൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷിബൻ ലാലിന്റെ വാക്കുകൾ ഇങ്ങനെ

എന്‍റെ മകനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഞാനും പടക്കം പൊട്ടിച്ചത്. പക്ഷേ ഉദ്ദേശിച്ച ഫലം കിട്ടിയില്ല. പകരം നേരെ തിരിച്ചൊരു ഫലത്തിലേക്കാണ് അത് പോയത്. മകന് 5 വയസുള്ളപ്പോഴാണ് സംഭവം. ഇപ്പോഴവന് 24 വയസായി. അപ്പോള്‍ ഒരു 12 വര്‍ഷം ആയിട്ടുണ്ടാകും. ഒരു വിഷുദിനം വീട്ടില്‍ വൈകുന്നേരം എല്ലാവരും കൂടി ഇരിക്കുകയായിരുന്നു. അനുജന്‍ ഗുണ്ട് എന്ന് പറയുന്ന പടക്കം കൊണ്ടുവന്നു. അത് പൊട്ടി വരുന്ന വീഡിയോ എടുത്ത് ഹാപ്പി വിഷു എഴുതിയിടാം എന്ന് കരുതി. വേറെ ആര്‍ക്കും ധൈര്യം ഇല്ലാത്തത് കൊണ്ട് ഞാന്‍ പൊട്ടിക്കാമെന്ന് പറഞ്ഞു. തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന്‍റെ അടുത്തുള്ളൊരു ചേട്ടന്‍ ഠോ ഠോ എന്നൊക്കെ ഒച്ചത്തില്‍ പറഞ്ഞെന്നെ പേടിപ്പിച്ചു. അതോടെ ഇത് പൊട്ടിയെന്ന് കരുതി ഞാന്‍ തിരിച്ചോടി.

സ്ലിപ്പര്‍ ആയിരുന്നു ഞാൻ ഇട്ടിരുന്നത്. അതിന്‍റെ അറ്റം മടങ്ങി സ്ലാബും റോഡും ചേരുന്ന ഭാഗത്ത് വീണു. ഇന്നത്തെ ഒരവസ്ഥയില്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ മരിച്ച് പോകും. നെഞ്ചിടിച്ചു. കാലിലെ തള്ളവിരല്‍ ഉരഞ്ഞ്, നഖം ഫുള്‍ പൊളിഞ്ഞൊക്കെ പോയി. ഉള്ളം കയ്യില്‍ കല്ലുകൾ കുത്തിക്കയറി. ഒരാഴ്ചയാണ് അതെടുക്കാൻ ആശുപത്രിയില്‍ കിടന്നത്. നെറ്റി പൊട്ടി. ഞാൻ വീണത് കണ്ടപ്പോൾ ആരും വന്ന് എണീപ്പിച്ചില്ല. എന്‍റെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന്‍ മാത്രമാണ് ഓടി വന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്നതെല്ലാം ശരിയാണ്.

കോമഡിക്ക് വേണ്ടിയല്ല ചെയ്തതെങ്കില്‍ പോലും ആളുകള്‍ അതിനെ കോമഡിയാക്കി. പത്ത് പതിനെട്ട് വര്‍ഷത്തിലേറെയായി ഞാന്‍ മദ്യപാനം നിര്‍ത്തിയിട്ട്. പക്ഷേ എന്നെ മദ്യപാനിയാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍ എന്നൊക്കെ ചിത്രീകരിച്ചു. ഓരോ വിഷുവും ദീപാവലി വരുമ്പോഴും ഞാന്‍ ഫോണ്‍ ഓഫ് ചെയ്ത വയ്ക്കും. പുറത്തോട്ടൊന്നും ഇറങ്ങില്ല. മുറിയില്‍ തന്നെ ഇരിക്കും. എനിക്ക് തന്നെ പലരും കളിയാക്കി ഈ മെസേജ് അയക്കാറുണ്ട്. ഞാന്‍ അനുഭവിച്ച വിഷമം എന്നോട് ആരും ചോദിച്ചില്ല. മാനസികമായി എന്നെ ഒരുപാട് തളര്‍ത്തിയത്. കല്യാണം കൂടാനോ, ഏറ്റവും അടുത്ത സുഹൃത്ത് മരിച്ചപ്പോള്‍ അവിടെ പോയി നില്‍ക്കാന്‍ പറ്റിയില്ല.

ഇതിനെക്കാളെല്ലാം ഉപരി എന്നെ വേദനിപ്പിച്ചത് മകന് വന്ന വിഷമമാണ്. അവസാനം അവനെ കൗണ്‍സിലിങ്ങിന് കൊണ്ട് പോകേണ്ടി വന്നു. നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു. വിദ്യാഭ്യാസത്തില്‍ പുറകോട്ട് പോയി. പുറത്തിറങ്ങാതായി. അതൊന്നും ആരും എന്നോട് ചോദിച്ചിട്ടില്ല. പടക്കം എന്ന് വിളിച്ച് ഭാര്യയെ കളിയാക്കുമായിരുന്നു. എന്‍റെ അപകടത്തെക്കാള്‍ കൂടുതല്‍ അത് കോമഡിയായി ആളുകള്‍ കണ്ടു. ഒരാള്‍ക്കത് വന്ന് കഴിയുമ്പോഴേ അത് മനസിലാകൂ. അത് പോസ്റ്റ് ചെയ്ത ആളും ഇതൊന്നും ചിന്തിച്ച് കാണില്ല. അനുഭവിക്കുന്നത് ഞാനും കുടുംബവുമാണ്. ക്ലബ്ബ് എഫ്എമ്മിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming