Asianet News MalayalamAsianet News Malayalam

'പരിഗണിച്ചതിന് നന്ദി'; ഒഎന്‍വി പുരസ്‍കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു, തീരുമാനം വിവാദങ്ങളെ തുടര്‍ന്ന്

വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം പുനപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക  സമിതി അറിയിക്കുകയും ചെയ്തിരുന്നു. 

Vairamuthu refuse onw award
Author
Chennai, First Published May 29, 2021, 2:01 PM IST

ചെന്നൈ: ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്കാരത്തിന് പരി​ഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു.

തനിക്കെതിരെ നാളുകളായി വ്യാപകമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. തന്‍റെ നിരപരാധിത്വം എല്ലാവര്‍ക്കും അറിയാം. തന്‍റെ സത്യസന്ധത എവിടെയും ഉരച്ചുനോക്കി തെളിയിക്കേണ്ടതല്ലലോ. ഈ സാഹചര്യത്തില്‍ ഒഎന്‍വി പുരസ്കാരം സ്വീകരിക്കുന്നില്ല. സമ്മാനതുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വൈരമുത്തു പറഞ്ഞു. 

വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം പുനപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക  സമിതി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈരുമുത്തുവിന്‍റെ പ്രതികരണം.

നടി പാര്‍വ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആർ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേര്‍ മിടൂ ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഒഎന്‍വി പുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരത്തിനായി വൈരമുത്തുവിനെ തിരഞ്ഞെടുത്തതിനെ വിമർശിച്ച ഡബ്ല്യുസിസി തീരുമാനത്തെ അപലപിക്കുകയും ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios