തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായ തല അജിത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വലിമൈ. സിനിമ എപ്പോഴായിരിക്കും ചിത്രീകരണം തുടങ്ങുക എന്നത് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എച്ച് വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്. ആക്ഷൻ രംഗങ്ങള്‍ക്കും പ്രാധാന്യമുള്ളതാണ് ചിത്രം. അജിത്ത് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അഭിനയിക്കുകയെന്നായിരുന്നു വാര്‍ത്തകള്‍. കൊവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചത്. നാല്‍പ്പത് ശതമാനത്തോളമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതെന്നും ഇനി 60 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട് എന്നുമാണ് വാര്‍ത്തകള്‍.  2021 ജനുവരിയോടെ ചിത്രീകരണം വീണ്ടും തുടങ്ങുമെന്നാണ് വാര്‍ത്ത. ഹൈദരബാദില്‍ വലിയ സെറ്റ് ഇട്ടായിരിക്കും ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുക. സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്ക് റൈസില്‍ അജിത്തിന് പരുക്കേറ്റിരുന്നു. ഒരാഴ്‍ചത്തെ വിശ്രമത്തിന് ശേഷമായിരുന്നു അജിത് വീണ്ടും ചിത്രീകരണം തുടങ്ങിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക.