Asianet News MalayalamAsianet News Malayalam

Valimai postponed : കൊവിഡ് നിയന്ത്രണങ്ങള്‍; അജിത്തിന്‍റെ 'വലിമൈ'യും റിലീസ് മാറ്റി

ലോകമാകെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെത്തുടര്‍ന്ന്

valimai release postponed covid omicron ajith kumar boney kapoor zee studios
Author
Thiruvananthapuram, First Published Jan 6, 2022, 7:08 PM IST

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് അജിത്ത് കുമാര്‍ (Ajith Kumar) നായകനായ തമിഴ് ചിത്രം 'വലിമൈ'യും (Valimai). ബോളിവുഡ് ചിത്രങ്ങളായ ഷാഹിദ് കപൂര്‍ നായകനായ ജേഴ്സി, അക്ഷയ് കുമാറിന്‍റെ സൂര്യവന്‍ശി, തെലുങ്കില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്‍റെ ബഹുഭാഷാ ചിത്രം രാധെ ശ്യാം എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് മാറ്റിവച്ച പ്രധാന ചിത്രങ്ങള്‍. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ വലിമൈ റിലീസ് നീട്ടേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയ്ക്ക് ആരാധകരില്‍ വലിയ കാത്തിരിപ്പുണ്ടാക്കിയ ചിത്രമായിരുന്നു വലിമൈ. കൊവിഡ് കാലത്ത് ചിത്രത്തിന്‍റെ പുതിയ അപ്‍ഡേറ്റുകള്‍ക്കായി അജിത്ത് ആരാധകര്‍ ട്വിറ്ററിലും പുറത്തും ക്യാംപെയ്‍ന്‍ പോലും നടത്തിയിരുന്നു. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് നീട്ടിയതായി പ്രഖ്യാപനം വന്നിരിക്കുന്നത്. ആരാധകരുടെ തിയറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെതന്നെ സുരക്ഷയെ കരുതി റിലീസ് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വലിമൈ ടീം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സാഹചര്യം സാധാരണ നിലയില്‍ എത്തിയതിനു ശേഷമാവും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.

2019ല്‍ പുറത്തെത്തിയ നേര്‍കൊണ്ട പാര്‍വൈക്കു ശേഷം അജിത്തിന്‍റേതായി റിലീസിനെത്തുന്ന ചിത്രമാണ് വലിമൈ. നേര്‍കൊണ്ട പാര്‍വൈയുടെ സംവിധായകന്‍ എച്ച് വിനോദ് തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം അജിത്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. എന്നൈ അറിന്താലിനു ശേഷമെത്തുന്ന അജിത്തിന്‍റെ പൊലീസ് കഥാപാത്രമാണിത്. ബൈക്ക് സ്റ്റണ്ട് അടക്കമുള്ള ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രവുമാണിത്. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് ബോണി കപൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios