ബോളിവുഡിലും ടോളിവുഡിലും ചിത്രങ്ങള്‍ മാറ്റിവച്ചിരുന്നു
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മൂന്നാമതൊരു തവണ കൂടി ചലച്ചിത്ര വ്യവസായത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ സിനിമാലോകം. ദില്ലിയില്‍ സിനിമാ തിയറ്ററുകള്‍ അടച്ചതിനു പിന്നാലെ ഷാഹിദ് കപൂര്‍ നായകനായ 'ജേഴ്സി'യുടെ റിലീസ് മാറ്റിയിരുന്നു. തുടര്‍ന്ന് തങ്ങളുടെ ചിത്രവും മാറ്റുകയാണെന്ന് 'ആര്‍ആര്‍ആര്‍' ടീമും അറിയിച്ചു. അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജും നിലവിലെ സാഹചര്യത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്. പല വലിയ റിലീസും മാറിയ പരിതസ്ഥിതിയില്‍ തെന്നിന്ത്യന്‍ സിനിമയിലെ വരാനിരിക്കുന്ന ഒരു ബിഗ് റിലീസ് അജിത്ത് കുമാര്‍ (Ajith Kumar) നായകനാവുന്ന തമിഴ് ചിത്രം വലിമൈ (Valimai) ആണ്. പൊങ്കല്‍ റിലീസ് ആയി ജനുവരി 13ന് എത്തുമെന്നാണ് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ റിലീസ് തീയതി മാറുമോ? സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ബോണി കപൂര്‍ (Boney Kapoor) ഇന്ന് പ്രതികരണവുമായി രംഗത്തെത്തി.
റിലീസിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന അറിയിപ്പാണ് നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് ലഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി പതിപ്പുകളിലുമായി ചിത്രം ജനുവരി 13ന് ലോകമാകെയുള്ള തിയറ്ററുകളില്‍ എത്തുമെന്ന് ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്‍റെ ഒരു ലഘു ടീസറും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ അണിയറക്കാര്‍ നാളെ പുറത്തുവിടും.
ആര്‍ആര്‍ആര്‍ പോലെയുള്ള വന്‍ റിലീസുകള്‍ ഒഴിഞ്ഞുനില്‍ക്കുന്ന സ്ഥിതിക്ക് വലിമൈക്ക് ബോക്സ് ഓഫീസില്‍ മത്സരമൊന്നുമില്ല. നേരത്തെ കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം 'മാസ്റ്റര്‍' ഇറങ്ങിയപ്പോഴും സാഹചര്യം അനുകൂലമായതിനു ശേഷം മാത്രം റിലീസ് എന്ന തീരുമാനത്തിലായിരുന്നു നിര്‍മ്മാതാക്കളും അജിത്ത് കുമാറും. അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം എച്ച് വിനോദ് ആണ്. എന്നെ അറിന്താലിനു ശേഷം അജിത്ത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ് വരുന്നത്. രണ്ടര വര്‍ഷത്തിനു ശേഷം തിയറ്ററുകളില്‍ എത്താനിരിക്കുന്ന അജിത്ത് ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. അതേസമയം കൊവിഡ് കേസുകളില്‍ ദിവസേന വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ റിലീസ് നീട്ടിയേക്കുമോ എന്ന ആശങ്ക തിയറ്റര്‍ വ്യവസായത്തിനുണ്ട്.
