'തല 61' എന്ന ഹാഷ് ടാഗുകളില്‍ നേരത്തെ ഇത്തരമൊരു വിവരം ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു

ഇന്ത്യയില്‍ സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പ് ആണ് അജിത്ത് (Ajith Kumar) നായകനാവുന്ന 'വലിമൈ'ക്ക് (Valimai) ലഭിച്ചത്. കൊവിഡ് (Covid 19) പശ്ചാത്തലത്തില്‍ റിലീസ് നീണ്ട ചിത്രം 2022 പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തും. അടുത്തിടെ പുറത്തെത്തിയ, ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോയ്ക്ക് പ്രതീക്ഷിച്ചിരുന്നതുപോലെ വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ അജിത്ത് ആരാധകര്‍ക്ക് ആവേശം പകരുന്ന ഒരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. 'വലിമൈ' ടീം ഒരുമിക്കുന്ന ഒരു ചിത്രം കൂടി വരും എന്നതാണ് അത്. നിര്‍മ്മാതാവ് ബോണി കപൂര്‍ (Boney Kapoor) ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

'വലിമൈ' സംവിധായകന്‍ എച്ച് വിനോദിനും അജിത്ത് കുമാറിനുമൊപ്പമാണ് തന്‍റെ അടുത്ത ചിത്രവുമെന്ന് ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ബോണി കപൂര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അജിത്തിന്‍റെ കരിയറിലെ 61-ാം ചിത്രമായിരിക്കും ഇത്. 'തല 61' എന്ന ഹാഷ് ടാഗുകളില്‍ നേരത്തെ ഇത്തരമൊരു വിവരം ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതേസമയം അജിത്ത്, എച്ച് വിനോദ്, ബോണി കപൂര്‍ എന്നിവര്‍ മൂന്നാമത്തെ തവണ ഒന്നിക്കുന്ന ചിത്രവുമായിരിക്കും അത്. ഹിന്ദി ചിത്രം 'പിങ്കി'ന്‍റെ തമിഴ് റീമേക്ക് ആയിരുന്ന 'നേര്‍കൊണ്ട പാര്‍വൈ' ആയിരുന്നു മൂവരും ഒന്നിച്ച ആദ്യ ചിത്രം.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന 'വലിമൈ'യില്‍ അജിത്ത് കുമാര്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ്. കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്‍റെ കഥാപാത്രം. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.