ഒരിടവേളയ്ക്കു ശേഷം അജിത്ത് കുമാര്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം

കൊവിഡ് മൂന്നാം തരംഗത്തില്‍ റിലീസ് മാറ്റിവച്ച വന്‍ പ്രോജക്റ്റുകളില്‍ തമിഴില്‍ നിന്നുള്ള പ്രധാന ചിത്രമാണ് അജിത്ത് കുമാര്‍ (Ajith Kumar) നായകനാവുന്ന വലിമൈ (Valimai). ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ലോകമാകെ തൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വരുന്ന പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. ഈ മാസം 6ന് ആയിരുന്നു നിര്‍മ്മാതാവ് ബോണി കപൂറിന്‍റെ പ്രഖ്യാപനം. പിന്നാലെ ചിത്രത്തിന്‍റെ ഔദ്യോഗിക അപ്‍ഡേറ്റുകളൊന്നും പുറത്തെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അജിത്ത് ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രം അടുത്ത മാസം തിയറ്ററുകളില്‍ എത്തിയേക്കും എന്നതാണ് അത്.

ഫെബ്രുവരി 24ന് പാന്‍ ഇന്ത്യ റിലീസിനാണ് നിര്‍മ്മാതാക്കളുടെ പ്ലാന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അടക്കം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നതിനു ശേഷമേ ഇക്കാര്യം വിശ്വാസത്തിലെടുക്കാനാവൂ. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററുകള്‍ 100 ശതമാനം ഒക്കുപ്പന്‍സിയിലേക്ക് മടങ്ങാനായി അണിയറക്കാര്‍ കാത്തിരിക്കുകയാണെന്നാണ് അറിയുന്നത്.

Scroll to load tweet…

അതേസമയം ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി ട്രെയ്‍ലറുകളുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. 3.06 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറുകള്‍ക്ക് യു/എ സര്‍ട്ടിഫിക്കേഷന്‍ ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസുമാവും വലിമൈ. 'നേര്‍കൊണ്ട പാര്‍വൈ' സംവിധായകന്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.