പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം

കൊവിഡ് സാഹചര്യം കാരണം റിലീസ് നീട്ടിയിരുന്നില്ലെങ്കില്‍ 13ന് തിയറ്ററുകളില്‍ എത്തേണ്ട ചിത്രമായിരുന്നു വലിമൈ (Valimai). രണ്ടര വര്‍ഷത്തിനു ശേഷമെത്തുന്ന അജിത്ത് ചിത്രം എന്ന നിലയില്‍ ചിത്രത്തിനുമേലുള്ള ആരാധക പ്രതീക്ഷയും കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കൊവിഡ് സാഹചര്യം നീങ്ങി സാധാരണ നിയലില്‍ ആവാതെ റിലീസിനെക്കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ വീണ്ടും തിയറ്ററുകളിലെത്തുന്ന സമയത്ത് വലിമൈ കൂടുതല്‍ വലിയ റിലീസ് ആവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലെ പതിപ്പുകള്‍ കൂടാതെ മലയാളം, കന്നഡ മൊഴിമാറ്റ പതിപ്പുകള്‍ കൂടി ചിത്രത്തിന് ഉണ്ടാവുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ അഞ്ച് ഭാഷാ പതിപ്പുകളുമായി അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയിമാറും വലിമൈ.

അജിത്തിന്‍റെ കഴിഞ്ഞ ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ സംവിധായകന്‍ എച്ച് വിനോദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്‍തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അജിത്ത് പൊലീസ് കഥാപാത്രമായി സ്ക്രീനിലെത്തുന്ന ചിത്രവുമാണ് വലിമൈ. നേരത്തെ പുറത്തെത്തിയ ടീസറും ട്രെയ്‍ലറുമൊക്കെ ആക്ഷന്‍ രംഗങ്ങളുടെ ചടുലത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹുമ ഖുറേഷി നായികയാവുന്ന ചിത്രത്തില്‍ കാര്‍ത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, സെല്‍വ, ജി എം സുന്ദര്‍, അച്യുത് കുമാര്‍, രാജ് അയ്യപ്പ, പേളി മാണി, ധ്രുവന്‍, ചൈത്ര റെഡ്ഡി, പാവേല്‍ നവഗീതന്‍, ദിനേശ് പ്രഭാകര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് വിജയ് വേലുക്കുട്ടി. പാട്ടുകള്‍ യുവന്‍ ശങ്കര്‍ രാജയും പശ്ചാത്തല സംഗീതം ജിബ്രാനുമാണ് ഒരുക്കിയിരിക്കുന്നത്. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂര്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണം സീ സ്റ്റുഡിയോസ്.