ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രം

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ ഷെയർ ചെയ്തു. ഷാജി കൈലാസ്- ജോജു ജോർജ് കോമ്പിനേഷനിൽ വരുന്ന ആദ്യ ചിത്രമായതുകൊണ്ടു തന്നെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 6 ന് ആരംഭിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണിത്. ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ജോജു ജോർജ് നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രം "പണി"യും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജോജുവിന്റെ അഭിനയവും ഷാജി കൈലാസിന്റെ സംവിധാനവും കൂടിയാകുമ്പോൾ ചിത്രം വേറെ ലെവൽ എന്ന പ്രതീക്ഷയാണ് നൽകുന്നത്. മാസ്സ് ആക്ഷൻ ഹിറ്റ് ചിത്രങ്ങൾ നൽകുന്ന സംവിധായകനും മികച്ച നടനും ഒത്തു ചേരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. ഓൾഗ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. കൊ പ്രൊഡ്യൂസർ ജോമി ജോസഫ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് എ കെ സാജൻ. തിരക്കഥാകൃത്തായും സംവിധായകനായും ഒരുപോലെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന എ കെ സാജൻ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ ആക്ഷനിൽ മാത്രമല്ല കഥയിലും കാര്യമുണ്ടെന്ന് ഉറപ്പിക്കാം. ജോജുവിനെ കൂടാതെ ഒരു വമ്പൻ താരനിര കൂടി ചിത്രത്തിലുണ്ട്. വരും ദിവസങ്ങളിൽ മറ്റു താരങ്ങളുടെ പേരുകൾ കൂടി അണിയറ പ്രവർത്തകർ പുറത്തുവിടും.

ചിത്രത്തിലെ ഗംഭീര താരനിര പോലെ തന്നെ അതിപ്രഗൽഭരായ സാങ്കേതിക പ്രവർത്തകരാണ് വരവ് ഗംഭീരമാക്കാൻ എത്തുന്നത്. തെന്നിന്ത്യയിലെ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്യാമറ സുജിത് വാസുദേവ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം സാം സി എ സ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, ആക്ഷൻ ഫീനിക്സ് പ്രഭു, കലൈ കിങ്സൺ, ആർട്ട്‌ ഡയറക്ടർ സാബു റാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്‌, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, പി ആർ ഒ മഞ്ജു ഗോപിനാഥ്, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി എന്നീ ലൊക്കേഷനുകളിലായി സെപ്റ്റംബർ 6ന് ഷൂട്ടിംഗ് ആരംഭിക്കും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News