ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇറങ്ങിയപ്പോള്‍ മുതൽ ശ്രദ്ധ നേടിയ സിനിമയാണ് സിജു വിൽസൺ നായകനാകുന്ന വരയൻ. തീയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ചിത്രമാണെന്നാണ് സൂചന. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സിജു വിൽസന്‍റെ കപ്പൂച്ചിൻ പുരോഹിതനായി വ്യത്യസ്ഥ ഭാവത്തിലുള്ള ആക്ഷൻ ഫോട്ടോ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു. ആക്ഷൻ മൂവി, ഹൊറർ ത്രില്ലർ, ദുരൂഹത നിറഞ്ഞ ക്രൈം സ്റ്റോറി, ഫീൽ ഗുഡ് പടം അങ്ങനെ തരം തിരിച്ച് പല രീതിയിൽ വ്യാഖ്യാനിച്ച് ചർച്ച ചെയ്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. "നന്മമരമല്ല വരയൻ, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ചൻ കഥാപാത്രമാണ്‌ ചിത്രത്തിലേത്‌; ബാക്കിയെല്ലാം ഉടൻ പുറത്തിറങ്ങുന്ന ഗാനവും ട്രെയിലറും സംസാരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

സത്യം സിനിമാസിന്‍റെ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജിജോ ജോസഫാണ്‌ സംവിധാനം ചെയ്യുന്നത്‌. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരും വേഷമിടുന്നു.