ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
മോഹൻലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി '(Bro Daddy) എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. നല്ലൊരു എന്റർടെയ്നർ ആകും ചിത്രമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ട്രെയിലറിലെ പല രംഗങ്ങളും സംഭാഷണങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇതിനിടയിൽ ട്രെയിലറിലെ ഒരു രഹസ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
നിരവധി പേർ ട്രെയിലർ കണ്ടുവെങ്കിലും അധികം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത ഒരു ചിത്രമാണ് നെറ്റിസൺസ് കണ്ടെത്തിയിരിക്കുന്നത്. 'വർണ്ണപ്പകിട്ട്' എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രമാണ് ഇത്. ബ്രോ ഡാഡിയില്‍ ജോൺ കാറ്റാടി, അന്നമ്മ ദമ്പതികളായി എത്തുന്നത് മോഹൻലാലും മീനയുമാണ്. ഇവരുടെ ചെറുപ്പകാല ചിത്രമായാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഫോട്ടോ പങ്കുവയ്ക്കപ്പെടുന്നത്. മീനയും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
പൂർണ്ണമായും കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് ബ്രോഡാഡി എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളികൾ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്നാണ് പലരും ട്രെയിലറിനെ കുറിച്ച് പറയുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
