പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വരുണ്‍ ധവാനും നീതു കപൂറിനുമാണ് കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന 'ജഗ് ജഗ് ജീയോ' എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു ഇരുവരും. അതേസമയം ഇതേ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനില്‍ കപൂറിനും കിയാര അദ്വാനിക്കും കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണ് ഫലം.

കൊവിഡ് പോസിറ്റീവ് ആയ താരങ്ങള്‍ രോഗമുക്തരായതിനു ശേഷമേ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കൂ. കഴിഞ്ഞ മാസമാണ് ജഗ് ജഗ് ജീയോയുടെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ ദീപാവലി ദിനത്തില്‍ ചിത്രത്തിലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ അനില്‍ കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം നീതു കപൂറിന്‍റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. യുട്യൂബര്‍ പ്രജക്ത കോലിയും ജഗ് ജഗ് ജീയോയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അവരുടെ സിനിമാ അരങ്ങേറ്റമാണ് ചിത്രം.