കൊവിഡ് കാലമാണ്. ലോക്ക് ഡൗണ്‍ കാലമാണ്. പ്രതിസന്ധികളുണ്ട്. പക്ഷേ ചിലര്‍ക്ക് മദ്യം കിട്ടാത്തതിന്റെ ബുദ്ധിമുട്ടുകളാണ്. അത്തരക്കാരെക്കുറിച്ചും ബോധവത്‍ക്കരണം ഉദ്ദേശിച്ചും പ്രദര്‍ശനത്തിന് എത്തിയ ഒരു ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച നേടുന്നത്. വാറ്റ് എന്ന ഹ്രസ്വ ചിത്രം ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് പ്രേക്ഷകരെ സ്വന്തമാക്കുന്നത്.

ലോക്ക് ഡൗണ്‍ കാലമായതിനാല്‍ മദ്യം കിട്ടുന്നില്ല. അതിന്റെ ചൊരുക്കത്തിലാണ് രണ്ട് സുഹൃത്തുക്കള്‍. എല്ലാവരും മദ്യം ഉപേക്ഷിക്കാൻ തയ്യാറായി നില്‍ക്കുന്നു. പക്ഷേ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ക്ക് മദ്യം കിട്ടിയേ തീരൂ. അതിനായി അവര്‍ ഓരോരുത്തരെയും വിളിക്കുന്നു. മദ്യം വാറ്റുന്ന ഒരാളെ അവര്‍ കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുന്നു. അവര്‍ക്ക് മദ്യം കിട്ടുമോ? രസകരമായ ഒരു ക്ലൈമാക്സിലൂടെയാണ് വാറ്റ് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നത്. ദീജീഷ് കോട്ടായി ആണ് തിരക്കഥയും സംവിധാനവും. അഭിനേതാക്കളുടെ പ്രകടനം എടുത്തുപറയണം. ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. സുജിത്ത് മതിലകത്ത്, സുഗുണ്‍ കെ രാജ, രാജു കൊല്ലത്ത്, മോഹനകൃഷ്‍ണൻ ഉള്ളാട്ടില്‍, ഗിരീഷ് വര്‍മ്മ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.  നിതിൻ തച്ചാട്ട് എഡിറ്റിംഗ്. ശ്രീജിത്ത് വര്‍മ്മയാണ് ഛായാഗ്രാഹണം.