Asianet News MalayalamAsianet News Malayalam

Venkat Prabhu next : 'മാനാടി'നു ശേഷം വെങ്കട് പ്രഭു; 'മന്മഥ ലീലൈ'യില്‍ അശോക് സെല്‍വന്‍

'പാര്‍ട്ടി' എന്ന മറ്റൊരു ചിത്രം കൂടി വെങ്കട് പ്രഭുവിന്‍റേതായി വരാനുണ്ട്

venkat prabhu next titled manmatha leelai ashok selvan
Author
Thiruvananthapuram, First Published Jan 15, 2022, 11:38 PM IST

'മാനാടി'ന്‍റെ (Maanaadu) വന്‍ വിജയത്തിനു ശേഷം വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. 'മന്മഥ ലീലൈ' (Manmatha Leelai) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അശോക് സെല്‍വന്‍ ആണ് നായകന്‍. പ്രേംജി അമരന്‍ ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം തമിഴ് എ അഴകന്‍, കലാസംവിധാനം ഉമേഷ് ജെ കുമാര്‍. റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആണ് നിര്‍മ്മാണം. 

കെ ബാലചന്ദറിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1976ല്‍ ഇതേപേരില്‍ ഒരു ചിത്രം പുറത്തെത്തിയിട്ടുണ്ട്. "ആ ചിത്രത്തില്‍ ഒരു കാസനോവയെയാണ് കമല്‍ സാര്‍ അവതരിപ്പിച്ചത്. ഈ കഥയില്‍ അശോക് സെല്‍വനും അത്തരമൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പക്ഷേ തികച്ചും വ്യത്യസ്‍തമാണ് ഈ കഥാപാത്രം. ഒരു ടൈറ്റില്‍ ഇല്ലാതെയാണ് ഞങ്ങള്‍ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അശോക് ആണ് ഈ പേര് നിര്‍ദേശിച്ചത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ പേര് ഇഷ്‍ടമാവുകയും ചെയ്‍തു", വെങ്കട് പ്രഭു ഡിടി നെക്സ്റ്റിനോട് പറഞ്ഞു.

പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ കാലയളവില്‍ ചിത്രീകരിച്ച ചിത്രമാണിത്. കാഷ്വലും അതേസമയം എന്‍റര്‍ടെയ്‍നിംഗുമായ ചിത്രമെന്നാണ് വെങ്കട് പ്രഭു മന്മഥ ലീലൈയെ വിശേഷിപ്പിക്കുന്നത്. ഒടിടി റിലീസ് ആണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും തിയറ്റര്‍ റിലീസ് എന്ന സാധ്യതയിലേക്കാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ വിരല്‍ചൂണ്ടുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സംയുക്ത ഹെഗ്‍ഡെ, സ്‍മൃതി വെങ്കട്, റിയ സുമന്‍ എന്നിവര്‍. 'മാനാടി'ന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വെങ്കട് പ്രഭു ചിത്രം എന്ന നിലയില്‍ മന്മഥ ലീലൈക്കു മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്. 'പാര്‍ട്ടി' എന്ന പേരില്‍ ഒരു കോമഡി ത്രില്ലര്‍ ചിത്രം കൂടി വെങ്കട് പ്രഭുവിന്‍റേതായി പുറത്തെത്താനുണ്ട്. 

Follow Us:
Download App:
  • android
  • ios