മലയാള സിനിമയിലെ നഷ്ടങ്ങളെക്കുറിച്ച് വേണു കുന്നപ്പള്ളി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. 

കൊച്ചി: മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ വന്‍ ചര്‍ച്ചയാകുന്ന സമയമാണ് ഇത്. അടുത്തിടെ സിനിമ സംഘടനകള്‍ കൊച്ചിയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ ജനുവരിയിലെ മലയാള സിനിമയിലെ നഷ്ടം 110 കോടിയാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. 'രേഖാചിത്രം' എന്ന സിനിമ മാത്രമാണ് ജനുവരിയില്‍ വിജയിച്ച മലയാള ചിത്രം എന്നും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

അതേ സമയം തന്നെയാണ് 'രേഖാചിത്രം' നിര്‍മ്മിച്ച വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചത്. താരങ്ങളുടെ പ്രതിഫലം അടക്കം വിഷയങ്ങള്‍ വേണുകുന്നപ്പള്ളി പോസ്റ്റില്‍ പറയുന്നു. സ്വന്തം കീശയിൽ കാശ് കിടക്കുമ്പോൾ സ്വതന്ത്രമായി എന്തു തീരമെടുക്കാനും നിർമ്മിതാവിന് അവസരമുണ്ട്. ആ അവസരം നഷ്ടപ്പെടുത്തി പിന്നെ ദുഃഖിച്ചിട്ട് എന്തുകാര്യം. ദുരന്ത സിനിമകൾ ഏറെയും സമ്മാനിക്കുന്ന യുവകുമാരന്മാർ എത്ര ശമ്പളം വേണമെങ്കിലും ചോദിച്ചോട്ടെ. അവർ വന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുന്നില്ലല്ലോ ? കൊടുക്കാൻ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക ,സിമ്പിൾ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. 

മലയാള സിനിമയുടെ നഷ്ട കണക്കുകൾ പറഞ്ഞു പരിതപിക്കുമ്പോൾ ,കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് പലപ്പോഴുമീ തോന്നിവാസങ്ങൾക്ക് കുടപിടിക്കുന്നത് എന്നും വേണു കുന്നപ്പള്ളി പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

ചില കൊടൂര ചിന്തകൾ

സിനിമയുടെ ജയപരാജയങ്ങളെ കുറിച്ചും, നഷ്ട ലാഭങ്ങളെ കുറിച്ചുമുള്ള ചർച്ചകളുമായി മുന്നോട്ടുപോകുന്ന
സമയമാണിത്. സിനിമാ അസോസിയേഷൻ ഏതാനും ദിവസം മുന്നേ പുറത്തുവിട്ട ആധികാരികമായ വിവരങ്ങൾ, ആശ്ചര്യ ജനഗവും, ഞെട്ടിക്കുന്നതുമാണ്. വർഷങ്ങളായി നഷ്ടത്തിലോടുന്ന മലയാള സിനിമാ വ്യവസായിരത്തിലേക്ക് അറിഞ്ഞും ,അറിയാതേയും വീണ്ടും വീണ്ടും നിർമിതാക്കൾ എത്തിക്കൊണ്ടേയിരിക്കുന്നു.

എന്തായിരിക്കാമിതിന് കാരണം? യാതൊരു നീതീകരണവുമില്ലാത്ത രീതിയിൽ സിനിമയുടെ ചിലവുകൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഒരു സിനിമയുടെ വിജയത്തിൻറെ എല്ലാ ക്രെഡിറ്റും ഏകപക്ഷീയമായി ഏറ്റെടുക്കുന്നു നായകനടന്മാർ, പരാജയത്തിൽ ഞാനൊന്നും അറിഞ്ഞില്ലേ, ഞാനീ നാട്ടുകാരനല്ല 
എന്ന രീതിയിൽ അടുത്ത സിനിമയിലേക്ക് വീണ്ടും ശമ്പളം കൂട്ടി ഓടിമറയുന്നു.

ഇല്ലാകഥകൾ പറഞ്ഞ് നിർമിതാവിനെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനോ എഴുത്തുകാരനോ, കബളിപ്പിക്കപ്പെട്ട പാവപ്പെട്ട പ്രൊഡ്യൂസറെ ദുരിതത്തിലേക്ക് തള്ളിവിട്ട് ,അടുത്ത സിനിമയുടെ പുറകേ പോകുന്നു. കഴിഞ്ഞ ദുരന്ത സിനിമയുടെ ഇല്ലാത്ത ലാഭ കഥകൾ പറഞ്ഞ് ,പുതിയൊരാൾക്ക് വേണ്ടിയുള്ള വേട്ടയാരംഭിക്കുന്നു.

സ്വന്തം കീശയിൽ കാശ് കിടക്കുമ്പോൾ സ്വതന്ത്രമായി എന്തു തീരമെടുക്കാനും നിർമ്മിതാവിന് അവസരമുണ്ട്. ആ അവസരം നഷ്ടപ്പെടുത്തി പിന്നെ ദുഃഖിച്ചിട്ട് എന്തുകാര്യം. ദുരന്ത സിനിമകൾ ഏറെയും സമ്മാനിക്കുന്ന യുവകുമാരന്മാർ എത്ര ശമ്പളം വേണമെങ്കിലും ചോദിച്ചോട്ടെ. അവർ വന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുന്നില്ലല്ലോ ?

കൊടുക്കാൻ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക ,സിമ്പിൾ! സിനിമയിൽ ജൂനിയറായ ആർട്ടിസ്റ്റുകളും, പിന്നണി പ്രവർത്തകരും അധ്വാനത്തിന് ആനുപാതികമല്ലാത്ത ചെറിയ ശമ്പളം കൈപ്പറ്റുമ്പോൾ, ഒരു നീതീകരണവുമില്ലാതെ ഭൂരിഭാഗവും കൈക്കലാക്കുന്നത് മേൽപ്പറഞ്ഞ ആളുകളാണ്. ഇല്ലാ കഥകൾ പറഞ്ഞൊരു സിനിമ തുടങ്ങിയിട്ട് പിന്നെ നെറുകേടിന്റെ നേർചിത്രമാണ് പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

ബഡ്ജറ്റിന്റെ പത്തു പതിനഞ്ചു ശതമാനം ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. എന്നാൽ 100 ,300% വരെ ചിലവ് കേറുമ്പോഴും സന്തോഷവാനായി ഒരു കൂസലുമില്ലാതെയിരിക്കുന്ന സംവിധായകനെ എന്തു പറയാനാണ് ?? ഇവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനോ, അല്ലെങ്കിൽ പുതിയതായി വരുന്ന നിർമ്മിതാക്കളോട് ഇവരുടെ വീരഗാഥകൾ പറഞ്ഞുകൊടുക്കാനോ അസോസിയേഷനുകൾക്ക് സാധിക്കില്ലേ??

കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും ,ഡയറക്ടറുമെല്ലാം വീണ്ടും വീണ്ടും അതിലും വലിയ സിനിമകൾ ചെയ്യുന്ന കാണുമ്പോൾ സത്യത്തിൽ അമ്മേമ്മേ!!! എന്ന് വിളിച്ചു പോകുന്നു. എത്ര നഷ്ടമായാലും നിർമ്മാതാവിനെ കൊന്നു കൊല വിളിച്ചാണ് ഇവർ മുന്നോട്ടു പോകുന്നത്. സിനിമ തുടങ്ങിയാൽ പിന്നെ ഇവരുടെ ചെലവുകൾക്ക് പരിധികളില്ല.

ഒരുമാതിരി ദത്തെടുത്ത പോലെയാണ് പിന്നെത്തെ കാര്യങ്ങൾ ബിസിനസ് ക്ലാസിൽ നിന്ന് ഫസ്റ്റ് ക്ലാസിലേക്കും, തരം കിട്ടിയാൽ പൈലറ്റിന്റെ സൈഡിൽ പോലും ഇരിക്കാനവർ ആവശ്യ പെട്ടേക്കാം ഫൈസ്റ്റാർ ഹോട്ടലിലെ സൂട്ട്റൂം ,ഏറ്റവും മുന്തിയ കാറുകളും ഫൈസ്റ്റാർ ഭക്ഷണവുമെല്ലാം ഇവരുടെ ചെറിയ ആവശ്യങ്ങൾ മാത്രം.

സിനിമയെടുക്കാൻ വരുന്ന നിർമ്മാതാക്കള്‍ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയാൽ നഷ്ട സ്വർഗത്തിലേക്കുള്ള പോക്ക് കുറക്കാനാകുമെന്നാണ് തോന്നുന്നത്. മലയാള സിനിമയുടെ നഷ്ട കണക്കുകൾ പറഞ്ഞു പരിതപിക്കുമ്പോൾ ,കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് പലപ്പോഴുമീ തോന്നിവാസങ്ങൾക്ക് കുടപിടിക്കുന്നത്. സ്വന്തം താല്പര്യങ്ങൾക്കൊപ്പം , സിനിമാ വ്യവസായത്തിന്റെ ഉന്നമനത്തിനുമിവർ പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ??

കുത്തനെ വീണ് അജിത്തിന്‍റെ 'വിടാമുയര്‍ച്ചി': രണ്ടാം ദിനം തീയറ്റര്‍ കളക്ഷനില്‍ സംഭവിച്ചത്!

വിജയ്‍യെ കണ്ട് സ്വപ്നം സാക്ഷാത്കരിച്ച ഉണ്ണിക്കണ്ണന്‍റെ അടുത്ത ലക്ഷ്യം ബിഗ് ബോസോ?; ഇതാണ് ഉത്തരം