നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു

ചെന്നൈ: മലയാള സിനിമയില്‍ ഒരു കാലത്ത് നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച മുതിര്‍ന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈ വേളാച്ചേരിയിലെ പ്രശാന്ത് ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 

മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ടിവി പരമ്പരകളിലും അഭിനയിച്ചു. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്കാരം നാളെ ചെന്നൈ പോരൂരില്‍.

തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്‍റെയും ആര്‍ ബാരതിയുടെയും മകനാണ്. ചെന്നൈയില്‍ ആയിരുന്നു ജനനം. 1967 ല്‍ പുറത്തെത്തിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ 1976 ല്‍ പുറത്തെത്തിയ അമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ മുഖമായി മാറി രവികുമാര്‍. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ്. എൻ സ്വരം പൂവിടും ഗാനമേ, സ്വർണ്ണ മീനിന്റെ തുടങ്ങി മലയാളി തലമുറകളിലൂടെ കേട്ടാസ്വദിക്കുന്ന പല നിത്യഹരിത ഗാനങ്ങളിലും അഭിനയിച്ചത് അദ്ദേഹമായിരുന്നു.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം