'അപുര്‍ സന്‍സാറും' 'ചാരുലത'യും ഉള്‍പ്പെടെ  സത്യജിത് റേ സിനിമകളുടെ മുഖമായിരുന്ന വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. 

സത്യജിത് റേയ്‌ക്കൊപ്പം മൂന്നു പതിറ്റാണ്ടു  പ്രവർത്തിച്ച സൗമിത്ര ചാറ്റര്‍ജി ബംഗാളി സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരനായിരുന്നു. അഭിനേതാവും കവിയും എഴുത്തുകാരനും നാടകക്കാരനും സംവിധായകനുമൊക്കെയായി ഇന്ത്യൻ സിനിമയുടെ കീർത്തി ലോകമെങ്ങും എത്തിച്ചാണ് സൗമിത്ര ചാറ്റർജി വിടവാങ്ങുന്നത്. എട്ടു പതിറ്റാണ്ടു നീളുന്ന സർഗാത്മക ജീവിതമാണ് അത്. കൽക്കട്ട യൂണിവേഴ്സിറ്റിയിലെ ബിരുദ പഠന കാലത്ത് നാടകം കളിച്ചു തുടങ്ങിയ യുവാവ് പിന്നീട ബംഗാളി തിരശീലയുടെ ജാതകം തിരുത്തിക്കുറിക്കുകയായിരുന്നു. ആകാശവാണിയിലെ കലാജീവിതത്തിനിടെ സത്യജിത്ത് റേയെ പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവ്. പിന്നീട് മുപ്പതു വർഷങ്ങൾ ജീവിതവും അഭിനയവും റേയ്‌ക്കൊപ്പം. തന്‍റെ മുഖം ക്യാമറയ്ക്കു ചേർന്നതല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സൗമിത്ര ചാറ്റർജിയിൽ  അസാധാരണ പ്രതിഭയുള്ള അഭിനേതാവുണ്ടെന്ന് റേ തിരിച്ചറിഞ്ഞു. അങ്ങനെ ചാരുലത, അഭിജാൻ, ആരണ്യേര്‍ ദിൻ രാത്രി തുടങ്ങി നിരവധി സത്യജിത്ത് റേ സിനിമകളിൽ നായകനായി. 

 

പിന്നീട് റേ എഴുതിയ തിരക്കഥകൾ പലതും സൗമിത്ര ചാറ്റർജിയെ മുഖ്യ വേഷത്തിൽ മനസിൽ കണ്ടുള്ളതായിരുന്നു. മൃണാൾ സെൻ, തപൻ സിൻഹ തുടങ്ങിയ വിഖ്യാത സംവിധായകർക്കൊപ്പവും ഇതേ കാലത്തു തന്നെ സൗമിത്ര ചാറ്റർജി പ്രവർത്തിച്ചു. ഇതിഹാസ സംവിധായകരുടെ  സിനിമകളിലൂടെ തുടക്കമിട്ട അദ്ദേഹത്തിന് പുതിയകാല സംവിധായകർക്കൊപ്പവും അനായാസം പ്രവർത്തിക്കാനായി. ഗൗതം ഘോഷ്, അപർണ സെൻ , അഞ്ജന ദാസ്, ഋതുപർണ ഘോഷ് എന്നിവരുടെയെല്ലാം സിനിമകളിൽ അദ്ദേഹം നിറഞ്ഞുനിന്നു. തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും നാടക കലയെ അദ്ദേഹം കൈവിട്ടില്ല. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ, ദാദ സാഹേബ് ഫാൽക്കെ അവാർഡ്, പദ്മ  ഭൂഷൺ തുടങ്ങിയ ബഹുമതികൾ എല്ലാം അദ്ദേഹത്തെ തേടിയെത്തി. ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഓഡര്‍ ഓഫ് ആര്‍ട്‍സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതിയും ലീജ്യന്‍ ഓഫ് ഓണര്‍ ബഹുമതിയും നേടി. 

പൂർണ്ണമായും രോഗശയ്യയിൽ ആകും വരെ ഏതു കാലത്തും അദ്ദേഹം തിരശീലയിലെ നിറസാന്നിധ്യമായി. 1959 ൽ അഭിനയം തുടങ്ങിയതു മുതൽ 2017 വരെ എല്ലാ  വർഷവും അദ്ദേഹത്തിന്‍റെ സിനിമകൾ റിലീസ് ആയി. എങ്ങനെയാണിത് സാധ്യമാകുന്നതെന്ന ചോദ്യത്തിന് ഒരഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. 'എനിക്കറിയില്ല. എനിക്ക് ശാരീരികമായി ക്ഷീണമുണ്ട്. പക്ഷെ അഭിനയിക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനില്ല. അഭിനയമാണ് എന്‍റെ ജോലിയും ജീവിതവും. അഭിനയിക്കാനായാണ് എന്‍റെ ഈ ജന്മം'. ദീപ ചാറ്റര്‍ജിയാണ് ഭാര്യ. മക്കള്‍ പൗലാമി ബോസ്, സൗഗത ചാറ്റര്‍ജി.