ലണ്ടന്‍: താന്‍ മരിച്ചുവെന്ന പ്രചാരണങ്ങള്‍ക്കെതിരെ ബോളിവുഡ് മുന്‍ നടി മുംതാസ്. ലണ്ടനില്‍ മക്കള്‍ക്കൊപ്പം കഴിയുന്ന മുംതാസ് താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെ തന്നെയുണ്ടെന്നും വ്യക്തമാക്കി വീഡിയോയുമായി രംഗത്തെത്തി. 73 വയസ്സുണ്ട് മുംതാസിന്. ഇന്‍സ്റ്റഗ്രാമില്‍ മകള്‍ താന്യ മധ്വാനിയാണ് വീഡിയോ പങ്കുവച്ചത്. 

തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും വളരെ ചുറുചുറുക്കോടെത്തന്നെയുണ്ടെന്നും വീഡിയോയില്‍ മുംതാസ് പറയുന്നു. ''ഞാന്‍ മരിച്ചിട്ടില്ല! അവര്‍ പറയുന്നത്ര പ്രായമൊന്നും എനിക്കായിട്ടില്ല. നിങ്ങളുടെ ആശിര്‍വാദത്താല്‍ ഞാന്‍ ഞാന്‍ സുഖമായിരിക്കുന്നു''  - മരണവാര്‍ത്തകളോട് മുംതാസ് പ്രതികരിച്ചു. 

2010 ല്‍ മുംതാസിന് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗത്തില്‍ നിന്ന് നടി പൂര്‍ണ്ണമായും മുക്തി നേടിയിരുന്നു. നേരത്തേയും മുംതാസ് മരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴും വിശദീകരണവുമായി കുടുംബം എത്തിയിരുന്നു.