നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ നാനൂറിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

ചെന്നൈ: പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ (76) അന്തരിച്ചു. വാർധകൃസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ മൈലാപ്പൂരിൽ ആയിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 8.30 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം പെട്ടെന്നായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയ അതുല്യ പ്രതിഭയാണ് വിട വാങ്ങുന്നത്.

1950 നവംബര്‍ 20 ന് ജനിച്ച ദേവനേശന്‍ ചൊക്കലിംഗമാണ് പില്‍ക്കാലത്ത് തമിഴ് സിനിമാഗാനശാഖയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാളായ ദേവയായത്. മെലഡികളിലെ സ്വന്തം ശൈലിയും ഫോക്കിന്‍റെ ഉപയോഗവും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തി. താന്‍ സംഗീതം പകര്‍ന്ന ചിത്രങ്ങളിലൂടെ ഗാന മ്യൂസിക്കിനെ കൂടുതല്‍ ആസ്വാദകരിലേക്ക് എത്തിക്കുകയും ചെയ്തു അദ്ദേഹം. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ് ദേവ തന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്കുകള്‍ ചെയ്തത്. മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ അദ്ദേഹം ആസ്വാദകര്‍ക്ക് സമ്മാനിച്ചു.

തമിഴിലെ സൂപ്പര്‍ താരങ്ങളായ രജനികാന്ത്, കമൽ ഹാസന്‍, വിജയ്, അജിത് കുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ബാഷ, അണ്ണാമലൈ, ഖുഷി, കാതൽ കോട്ട തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ദേവയായിരുന്നു. രജനികാന്ത് ചിത്രങ്ങളുടെ തീം സോഗുകളിലൂടെയും അദ്ദേഹം പലപ്പോഴും കൈയടി നേടി. മധുരസംഗീതത്തിന്റെ തെന്നൽ എന്നാണ് എം എസ് വിശ്വനാഥൻ ദേവയെ വിശേഷിപ്പിച്ചത്. മലയാളത്തിൽ ദി പ്രിൻസ്, ഫാൻ്റം, കിങ് സോളമൻ എന്നീ ചിത്രങ്ങൾക്കും ദേവ സംഗീതം പകര്‍ന്നിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming