വൃദ്ധനായ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ,തന്റെ കെയർടേക്കറുടെ നിർദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് മദ്രാസ് മാറ്റിനി.
ബേസിൽ ജോസഫ് സംവിധാനം ചെയ്‍ത മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഭിനേത്രിയാണ് ഷെല്ലി എൻ കുമാർ. ഇപ്പോളിതാ ചെന്നൈയിൽ മധ്യവർഗ്ഗ കുടുംബത്തിന്റെ കഥ പറയുന്ന കാർത്തികേയൻ മണി സംവിധാനം ചെയ്ത മദ്രാസ് മാറ്റിനി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായിയെത്തി പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ് ഷെല്ലി. തമിഴിൽ റാം സംവിധാനം ചെയ്ത തങ്ക മീങ്കൾ എന്ന ചിത്രത്തിൽ വടിവ് എന്ന കഥാപാത്രത്തിലെത്തിയ ഷെല്ലിയുടെ പ്രകടനം നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ദേശീയ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ സിനിമയ്‍ക്ക് ലഭിച്ചിരുന്നു. എന്നാൽ, ആ സിനിമയ്ക്ക് ശേഷം താൻ എടുത്ത ബ്രേക്ക് കരിയറിൽ ഉണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ച് ഷെല്ലി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

'2013 ലാണ് തങ്ക മീങ്കൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അന്ന് സിനിമയ്ക്ക് കിട്ടിയ സ്വീകാര്യത എനിക്ക് പേഴ്‌സണലി ഉപയോഗിക്കാൻ സാധിച്ചില്ല. നാഷണൽ അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ ആ സിനിമയെ തേടിയെത്തിയപ്പോൾ അതിലെ തന്റെ കഥാപാത്രത്തെയും എല്ലാവരും ശ്രദ്ധിച്ചു. എന്നാൽ വ്യക്തിപരമായ ചില ആവശ്യങ്ങൾ കാരണം ആ സിനിമയ്ക്ക് ശേഷം ഞാനെടുത്ത ചെറിയ ബ്രേക്ക് എന്റെ സിനിമ ജീവിതത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കി. ആ സിനിമയിലെ എന്റെ പ്രകടനം ഇഷ്ടപ്പെട്ടു വെട്രിമാരൻ സാറിന്റെ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തിരുന്നു, എന്നാൽ എന്നെ അന്ന് വിളിച്ചു കിട്ടാത്തത് കൊണ്ടാണ് അത് നഷ്ടമായത്. ഇന്നതോർക്കുമ്പോൾ വേദന തോന്നുന്നുണ്ട്. ഒരുപക്ഷേ അന്ന് ഞാൻ ബ്രേക്ക് എടുത്തില്ലായിരുന്നെങ്കിൽ ഇന്ന് എന്റെ സിനിമ കരിയർ ഇപ്പോളുള്ള പോലെയായിരിക്കില്ലായിരുന്നു. എനിക്ക് സിനിമയിൽ മാത്രമായി നില്ക്കാൻ കഴിയില്ല. അങ്ങനെയാവുമ്പോൾ പുറത്തുള്ള മനുഷ്യരുമായി എനിക്ക് ഒരു കണക്ഷൻ നഷ്ടപ്പെടുന്നപോലെ തോന്നാറുണ്ട്. അങ്ങനെയാവുമ്പോൾ, ഞാൻ ഇടയ്ക്ക് ബ്രേക്ക് എടുത്ത് പഠിക്കാൻ പോകുകയോ അല്ലെങ്കിൽ ജോലിയ്ക്ക് കയറുകയോ ചെയ്യാറുണ്ട്. അല്ലാതെ സിനിമയിൽ മാത്രമായി എനിക്ക് നിൽക്കാൻ കഴിയാറില്ല.' - ഷെല്ലിയുടെ വാക്കുകൾ.
ഷെല്ലിക്കൊപ്പം കാളി വെങ്കട്ട്,റോഷ്‌നി ഹരിപ്രിയൻ,സത്യരാജ്, വിശ്വാ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത മദ്രാസ് മാറ്റിനി എന്ന തമിഴ് ചിത്രം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വൃദ്ധനായ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ,തന്റെ കെയർടേക്കറുടെ നിർദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് മദ്രാസ് മാറ്റിനി.


