ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ് 

ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ പൂർത്തിയായത്. 'കർക്കിടകത്തിന്റെ കറുത്ത ചേലകൾ നീങ്ങി മാനം തെളിയുന്ന പൊന്നിൻ ചിങ്ങമാസപ്പുലരിയിൽ ട്രെയിലർ എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു' 

ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ് . അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ശരത്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മാണത്തിലിരിക്കെത്തന്നെ ഏറെ വിവാദമായ സിനിമയാണ് വെയിൽ. കരാർ തുകയിലും കൂടുതൽ തുക ആവശ്യപ്പെട്ട് ഷെയ്ൻ നിഗം ലൊക്കേഷൻ വിട്ടു പോയതും താടിയും മുടിയും മുറിച്ച് പ്രതിഷേധിച്ചതും സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു. മോഹൻലാല്‍ ഉള്‍പ്പെടയുള്ളവര്‍ ഇടപെട്ടായിരുന്നു വിവാദം അവസാനിച്ചത്.