നവാഗതനായ ശരത്ത് രചനയും സംവിധാനവും
ഷെയ്ന്‍ നിഗം (Shane Nigam) നായകനായ ഇമോഷണല്‍ ഫാമിലി ഡ്രാമ ചിത്രം വെയിലിന്‍റെ (Veyil) ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ (Asianet). ഇന്ന് വൈകിട്ട് 4നാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. നവാഗതനായ ശരത്ത് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഫെബ്രുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്.
ഷെയിന്‍ നിഗത്തിന്‍റെ സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥിന്‍റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അവന്‍റെ അമ്മ, സഹോദരന്‍, സുഹൃത്ത് എന്നിവരിലൂടെ അതിവൈകാരികതയിലൂന്നിയാണ് സിനിമ സംവദിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രകടനമാണ് ചിത്രത്തിന്‍റെ കരുത്ത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി മുന്നോട്ടുള്ള യാത്രയിൽ അവർ നേരിടേണ്ടി വരുന്ന യാഥാർഥ്യങ്ങളാണ് ‘വെയിൽ’. ഷെയ്‍നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. തമിഴിൽ പ്രശസ്‍തനായ പ്രദീപ് കുമാർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്‍റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ഗുഡ്‌വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഷാസ് മുഹമ്മദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെൽവിൻ, ചമയം ബിബിൻ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഹാരിസ് റസാഖ്, ലക്ഷ്‌മി ഗോപികുമാർ, സംഘട്ടനം ജിഎൻ, കലാസംവിധാനം രാജീവ്.
'ദൃശ്യം 3' ഉണ്ടാവുമോ? ജീത്തുവിന്‍റെ സാന്നിധ്യത്തില്‍ മോഹന്‍ലാലിന്‍റെ ചോദ്യം
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ആവേശകരമായ വാരാന്ത്യ എപ്പിസോഡ്. സംഘര്‍ഷഭരിതമായ പോയ വാരത്തില്‍ ചില മത്സരാര്‍ഥികള്‍ക്കിടയിലുണ്ടായ അസഭ്യപ്രയോഗങ്ങളില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ (Mohanlal) ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. എന്നാല്‍ പിന്നാലെ ചില ആഹ്ലാദനിമിഷങ്ങളിലേക്കും മത്സരാര്‍ഥികളെ അദ്ദേഹം സ്വാഗതം ചെയ്‍തു. നേരത്തേ പുറത്തുവിട്ട പ്രൊമോയിലൂടെ പ്രേക്ഷകര്‍ക്ക് നേരത്തെ വാഗ്‍ദാനം നല്‍കിയിരുന്നതുപോലെ മലയാളികളുടെ പ്രിയ സംവിധായകന്‍ സംവിധായകന്‍ ജീത്തു ജോസഫിനെ (Jeethu Joseph) അദ്ദേഹം ബിഗ് ബോസ് വേദിയിലേക്ക് സ്വാഗതം ചെയ്‍തു. മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരുക്കിയ പുതിയ ചിത്രം 12ത്ത് മാനിന്‍റെ പ്രചരണത്തിനുവേണ്ടിക്കൂടിയാണ് ജീത്തു ജോസഫ് ബിഗ് ബോസ് വേദിയില്‍ എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആണ് ചിത്രം.
ചിത്രത്തിന്‍റെ പ്രചരണം എന്ന നിലയില്‍ ഒരു സ്പെഷല്‍ ടാസ്കും കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ക്കുവേണ്ടി ബിഗ് ബോസ് സംഘടിപ്പിച്ചിരുന്നു. 12ത്ത് മാനിലേതുപോലെ മത്സരാര്‍ഥികളെ കഥാപാത്രങ്ങളാക്കി ഒരു മര്‍ഡര്‍ മിസ്റ്ററി ഗെയിം അവതരിപ്പിക്കുകയായിരുന്നു ബിഗ് ബോസ്. 12ത്ത് മാനിലെ കഥാപാത്രങ്ങളുടെ പേരുകളില്‍ മത്സരാര്‍ഥികള്‍ എത്തിയ ഗെയിമില്‍ കൊല്ലപ്പെട്ടത് സൂരജ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു. ബിഗ് ബോസ് നല്‍കിയ സീക്രട്ട് ടാസ്ക് പ്രകാരം കൊല നടത്തിയത് അഖിലും. കൊലയാളിയെയും ഒപ്പം കൊല നടത്തിയ രീതിയും കണ്ടെത്താനായി മത്സരാര്‍ഥികളില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥരെയും ബിഗ് ബോസ് നിശ്ചയിച്ചിരുന്നു. മത്സരത്തിനു പിന്നാലെ ഇതേക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യരുതെന്നും മത്സരാര്‍ഥികളോട് ബിഗ് ബോസ് പറഞ്ഞിരുന്നു.
ജീത്തു ജോസഫിന്‍റെ സാന്നിധ്യത്തിലാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് ഈ ഗെയിമിനെക്കുറിച്ച് ചോദിച്ചത്. അന്വേഷണോദ്യോഗസ്ഥരായ വിനയ് മാധവും ലക്ഷ്മിപ്രിയയും അഖിലാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരുന്നു. അത് എങ്ങനെയാണ് കണ്ടെത്തിയതെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് അവര്‍ തങ്ങളുടെ വിശകലനവും അവതരിപ്പിച്ചു. എന്നാല്‍ സൂരജിന്‍റെ കഥാപാത്രത്തെ കൊല്ലാന്‍ സീക്രട്ട് ടാസ്കിലൂടെ ബിഗ് ബോസ് തന്നോട് ആവശ്യപ്പെട്ട രീതി മറ്റൊന്നാണെന്ന് അഖിലും പറഞ്ഞു. ഗാര്‍ഡന്‍ ഏരിയയില്‍ ചെടിച്ചട്ടിയിലുള്ള റോസാച്ചെടിയില്‍ സൂരജിനെക്കൊണ്ട്, അദ്ദേഹത്തിന് സംശയം തോന്നാത്ത തരത്തില്‍ തൊടുവിക്കുക എന്നതായിരുന്നു സൂരജിന് മുന്നിലുള്ള ടാസ്ക്. അത് അദ്ദേഹം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്‍തു.
ജീത്തുവുമായി തനിക്കുള്ള പ്രൊഫഷണലും വ്യക്തിപരവുമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ലാല്‍ മത്സരാര്‍ഥികളെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്‍തു. ഏറ്റവും ഇഷ്ടപ്പെട്ട ജീത്തു ജോസഫ് ചിത്രം ദൃശ്യമാണെന്നാണ് മിക്ക മത്സരാര്‍ഥികളും പറഞ്ഞത്. ഒരു ദൃശ്യം 3 ഉണ്ടാവുമോയെന്ന് ജീത്തു ജോസഫിന്‍റെ സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ ചോദിച്ചു. പറ്റിയ ഒരു കഥ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ നമുക്ക് നോക്കാമെന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് തമാശയ്ക്ക് പറയുകയും ചെയ്‍തു. ബ്ലെസ്‍ലിക്ക് അത് പറ്റുമെന്ന് മത്സരാര്‍ഥികളില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു. ബിഗ് ബോസ് വേദിയില്‍ കുറച്ചുസമയം ചെലവഴിച്ചതിനു ശേഷമാണ് ജീത്തു മടങ്ങിയത്.
