ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൌശലിന് ലഭിച്ചിരുന്നു. വിക്കി കൌശലിനെ അഭിനന്ദിച്ച് നിരവധി പേരാണ് അന്ന് രംഗത്ത് എത്തിയത്. ഇപ്പോള്‍ വിക്കി കൌശലിന്റെ പുതിയ രൂപമാണ് പ്രശംസ പിടിച്ചുപറ്റുന്നത്.

സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ് വിക്കി കൌശല്‍ ഉടൻ അഭിനയിക്കുന്ന ചിത്രം. ചിത്രത്തിലെ കഥാപാത്രത്തിനായി വിക്കി കൌശല്‍ 13 കിലോ കുറച്ചിരുന്നു. അതും മൂന്ന് മാസത്തിനുള്ളില്‍. ഉദ്ദം സിംഗിനു വേണ്ടിയുള്ള രൂപത്തിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായ ഉദ്ധം സിംഗായിട്ടാണ് വിക്കി കൌശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൌശല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.  സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.  ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.  ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.