ബോളിവുഡ് താരം വിക്കി കൗശലിന് ചിത്രീകരണത്തിനിടെ പരിക്ക്. നവാഗത സംവിധായകനായ ഭാനു പ്രതാപ് സിംഗ് ഒരുക്കുന്ന ഇനിയും പേരിടാത്ത സിനിമയുടെ ഗുജറാത്ത് ഷെഡ്യൂളിനിടെ വെള്ളിയാഴ്ചയാണ് സംഭവം. വിക്കി കൗശലിന്റെ കവിളെല്ലിനാണ് പരിക്ക്. സമീപത്തുള്ള ആശുപത്രിയിലേക്ക് അടിയന്തിരമായ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച പുലര്‍ച്ചയോടെ മുംബൈയിലേക്ക് കൊണ്ടുപോയി. കവിളെല്ലിലെ പരിക്കിന് 13 തുന്നലുകള്‍ വേണ്ടിവന്നെന്നാണ് റിപ്പോര്‍ട്ട്.

ഒരു കപ്പലിലെ രാത്രി ചിത്രീകരണത്തിനിടെയാണ് സംഭവം. കൗശലിന്റെ കഥാപാത്രം ഒരു വാതില്‍ തുറന്ന് പുറത്തേക്ക് ഓടുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ഇതിന്റെ ചിത്രീകരണത്തിനിടെ വാതില്‍ പൊളിഞ്ഞ് അദ്ദേഹത്തിന് മേലേക്ക് വീഴുകയായിരുന്നെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

വിക്കി കൗശലിന്റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു സമീപകാലത്ത് വലിയ ബോക്‌സ്ഓഫീസ് പ്രതികരണം ലഭിച്ച 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. അതേസമയം ഭാനു പ്രതാപ് സിംഗിന്റേത് ഒരു ഹൊറര്‍ ചിത്രമാണ്. ഭൂമി പഡ്‌നേക്കറാണ് നായിക. കരണ്‍ ജോഹറിന്റെ പിരീഡ് എപ്പിക് 'തഖ്തി'ലും ഇതേ ജോഡി സ്‌ക്രീനിലെത്തുന്നുണ്ട്.