ഹിന്ദി സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് വിക്കി കൌശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുങ്ങിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും വിക്കി കൌശലിന് ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ വിവാഹത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ വിവാഹമെന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്ന് വിക്കി കൌശല്‍ പറയുന്നു. ഇന്ത്യ ടുഡെ കോണ്‍ക്ലേവിലാണ് വിക്കി കൌശല്‍ ഇക്കാര്യം പറയുന്നത്.

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ന്യൂസ് പേപ്പറില്‍ എന്നെ ബന്ധത്തെ കുറിച്ച് ഒരു വാര്‍ത്തയെങ്കിലും ഞാൻ കാണാറുണ്ട്. എന്റെ അമ്മയും അച്ഛനും ഡൈനിംഗ് ടേബിളിനടുത്തുണ്ടാകും.  ഞാൻ പത്രമെടുത്ത് വായിക്കുന്നത് കാത്താകും അവര്‍ നില്‍ക്കുന്നത്. ഞാൻ പത്രമെടുത്ത് അവര്‍ക്ക് നേരെ തിരിയുമ്പോഴേക്കും അവര്‍ ചിരിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അത് വെറും ഗോസിപ്പുകളാണെന്ന് ഞാൻ അവരോട് പറയും- വിക്കി കൌശല്‍ പറയുന്നു. ഒരുകാര്യത്തിലും പെട്ടെന്ന് എടുത്തുചാടാൻ എനിക്കാവില്ല. വിവാഹമെന്നത് ഒരു സിനിമയല്ല, അത് ഒരു പ്രൊജക്റ്റല്ല, അത് സ്വാഭാവികമായി നടക്കേണ്ടതാണ്- വിക്കി കൌശല്‍ പറയുന്നു.