രണ്ട് ദിവസം മുമ്പ് ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

രുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ മീടു സംബന്ധിച്ച് നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ ഒന്നും തന്നെ കെട്ടടങ്ങിയിട്ടില്ല. നിരവധി പേരാണ് വിനായകനെതിരെ ഇതിനോടകം രം​ഗത്തെത്തിയത്. ഇപ്പോഴിതാ വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസന്റ്(Vidhu Vincent). വിനായകൻ സുഹൃത്താണെന്നും എന്നാൽ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വിധു വിൻസന്റ് പറയുന്നു. വിനായകൻ മാപ്പ് പറയണമെന്നും സംവിധായിക ആവശ്യപ്പെട്ടു.

"ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്", എന്നാണ് വിധു വിൻസന്റ് കുറിച്ചത്. 

വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം വിനായകൻ പങ്കുവച്ച ആദ്യ പോസ്റ്റും സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പം നിൽക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകൻ പങ്കുവെച്ചത്. നടൻ സാധാരണ എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത് പോലെ ചിത്രത്തിനൊപ്പം ക്യാപ്ഷനുകളൊന്നും തന്നെ നൽകിയിരുന്നില്ല. 

രണ്ട് ദിവസം മുമ്പ് ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. 

Read Also: പഞ്ചപാണ്ഡവരും പാഞ്ചാലിയും; വിവാദങ്ങള്‍ക്കിടെ വിനായകന്‍റെ പുതിയ പോസ്റ്റ്

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, പാർവതി തിരുവോത്ത് തുടങ്ങി നിരവധി പേർ വിനായകനെതിരെ വിമർശനവുമായി രം​ഗത്തെത്തി. 

ദീദി ദാമോദരന്റെ വാക്കുകൾ

നടൻ വിനായകൻ പൊതുഇടത്തിൽ വന്ന് "മീ ടൂ " വിനെതിരെ നടത്തിയ "വെർബൽ ഡയേറിയ " കണ്ടിട്ടും എന്താ മിണ്ടാതിരിക്കുന്നത് എന്ന് ചോദിക്കുന്നു സുഹൃത്തുക്കൾ. വിനായകന്റെ പ്രകടനം എന്നെ ഒട്ടും ഞെട്ടിച്ചില്ല. അതല്ലാതെ മറ്റെന്താണ് 1928 മുതൽ മലയാള സിനിമ ഉറക്കെ പറഞ്ഞും പറയാതെയും നടത്തി പോന്നത് ? 2017 ൽ ഒരു കലാകാരി തൊഴിലിടത്ത് വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇവിടുത്തെ താരാധികാരം കഴിഞ്ഞ അഞ്ചു വർഷമായിട്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റെന്താണ്. വിനായകനോട് മറുത്തൊരു ചോദ്യം ചോദിക്കാതെ അമർന്നിരുന്ന മാധ്യമ സുഹൃത്തുക്കളുടെ മൗനത്തോടും അവരുടെ കൂട്ടച്ചിരി പ്രസരിപ്പിച്ച ആഭാസത്തോടും എനിക്ക് പരിഭവമില്ല. താരവും മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയാൽ പരസ്യ വരുമാനത്തിന്റെ ഉറവിടമായ താരാധികാരത്തിനൊപ്പം നിൽക്കുന്ന മാധ്യമ മുതലാളിയുടെ കടിഞ്ഞാൺ ഒരു സ്ഥിരം തൊഴിൽ പോലുമല്ലാത്ത പാവം മാധ്യമ പ്രവർത്തകർക്കു മേലുണ്ട് എന്നാർക്കാണ് അറിയാത്തത്. എന്നാൽ "ഒരുത്തീ " സിനിമയുടെ പ്രചരണാർത്ഥം നടത്തിയ പത്രസമ്മേളനത്തിൽ അതിന്റെ രാഷ്ട്രീയത്തെ റദ്ദാക്കും വിധം വിനായകൻ പറയുന്നത് കേട്ട് ഒപ്പമിരുന്ന സുഹൃത്തും സംവിധായകനുമായ വി.കെ.പി. യുടെ ചിരിയാണ് എന്നെ കൂടുതൽ അലോസരപ്പെടുത്തിയത് . വിനായകൻ കത്തിക്കയറി "മീ ടൂ" വിന്റെ തീച്ചൂളയിൽ ദഹിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ മുഴുവൻ സ്ത്രീകളെയും ആവർത്തിച്ച് അപമാനിക്കുന്നത് കേട്ടിട്ടും "കട്ട് " എന്ന് പറയാതെ ഒപ്പം കൂട്ടിരുന്ന ആ കുറ്റകൃത്യത്തിന്റെ പങ്കാളിത്തമാണ് എന്നെ വേദനിപ്പിച്ചത്. നവ്യ എന്ന പ്രിയ നായിക വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന "ഒരുത്തീ " ക്ക് വേണ്ടി നടത്തിയ അഭിമുഖങ്ങളിലെല്ലാം അവൾ ഉളളിൽ വഹിയ്ക്കുന്ന തീയുടെ ചൂടുണ്ടായിരുന്നു. അതിനെ അട്ടിമറിച്ചു കൊണ്ട് രസിക്കുന്ന ആണഹങ്കാരത്തിന്റെ ധാർഷ്ട്യം കത്തിയാളുമ്പോൾ നവ്യ അഭിമുഖങ്ങിൽ കാണിച്ച പക്വമായ ആർജ്ജവം കാണിക്കാത്തതിൽ ഖേദം തോന്നി. നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റൻ്റെ ആ ഇരുപ്പുണ്ടല്ലോ അതാണ് മലയാള സിനിമയിലെ സംഘടനകൾ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നത്.അത് ശരിയല്ലാ എന്ന ഉത്തമ ബോധ്യത്തിൻ മേലാണ് wcc ക്ക് കോടതി കയറേണ്ടി വന്നത്. മൗനം കൊണ്ടുള്ള അത്തരം endorsement ആ കൃത്യത്തോളം തന്നെ കുറ്റകരമാണ്.

വിനായകന്‍റെ പരാമര്‍ശങ്ങളോട് അപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല; വ്യക്തമാക്കി നവ്യ നായര്‍