ത്രി ഇഡിയറ്റ്‌സ് എന്ന ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവായ വിധു വിനോദ് ചോപ്ര തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് നോവലിസ്റ്റ് ചേതന്‍ ഭഗത്. വിധു വിനോദ് ചോപ്രയുടെ ഭാര്യയും ക്രിട്ടിക്കുമായ അനുപമ ചോപ്കയുടെ ട്വീറ്റിന് മറുപടി ട്വീറ്റിലൂടെയാണ് വെളിപ്പെടുത്തതല്‍. ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന ചിത്രമാണ്  ത്രി ഇഡിയറ്റ്‌സ് എന്ന പേരില്‍ സിനിമയാക്കിയത്. 

ആമിര്‍ ഖാന്‍, ആര്‍ മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നോട് മോശമായ രീതിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ ചോപ്ര പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഥ ചേതന്റേതാണെന്നിരിക്കെ മികച്ച കഥയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ചോപ്രയും രാജ്കുമാര്‍ ഇറാനിയും സ്വീകരിച്ചിരുന്നു. തനിക്ക് ക്രെഡിറ്റ് നല്‍കാമെന്ന വാക്കിലാണ് കഥ ഇവര്‍ക്ക് നല്‍കിയതെന്നും എന്നാല്‍ തന്നെ പരിഗണിക്കാന്‍ പോലും ഇരുവരും തയ്യാറായില്ലെന്നും ചേതന്‍ പറഞ്ഞിരുന്നു. 

നിങ്ങളുടെ ഭര്‍ത്താവ് എന്നെ ''ആക്രമിച്ചപ്പോള്‍, എന്റെ കഥയ്ക്ക് എനിക്ക് ക്രെഡിറ്റ് നല്‍കാതിരിക്കുകയും ഒരു മടിയുമില്ലാതെ മികച്ച സ്‌റ്റോറിക്കുള്ള സമ്മാനം സ്വന്തമാക്കുകയും ചെയ്തപ്പോള്‍, എന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ വാക്കുകള്‍'' ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിച്ചു. 

സുശാന്ത് സിംഗ് രാജ്പുത്ത് അഭിനയിച്ച ദില്‍ ബെച്ചാര വെള്ളിയാഴ്ച പുറത്തിറങ്ങുന്നുണ്ടെന്നും അസംബന്ധം എഴുതരുതെന്നും വിവേകത്തോടെ പെരുമാറണമെന്നും ചേതന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതിനോട് അനുപമ ചോപ്ര പ്രതികരിക്കുകയും ചെയ്തു. ''ഓരോ വട്ടവും നിങ്ങൾ കരുതും ഇതിലും അധഃപതിച്ച ഒരു സംഭാഷണം ഇനി നടക്കാനില്ല എന്ന്, എന്നാൽ വീണ്ടും അങ്ങനെ തന്നെ നടക്കും.'' എന്നായിരുന്നു അനുപമയുടെ ട്വീറ്റ്. ഇതിന് മറുപടി നല്‍കവെയാണ് താന്‍ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്ന് ചേതന്‍ ഭഗത് വെളിപ്പെടുത്തിയത്.