ജനനായകന്റെ ഹൈപ്പില്‍ മറ്റൊരു 100 കോടി ചിത്രം ഒടിടിയില്‍ ഒന്നാമതെത്തി.
രാജ്യമൊട്ടുക്കും ജനനായകന്റെ വരവിനായി കാത്തിരിക്കുകയാണ്. ദളപതി വിജയ്‍ നായകനാകുന്ന അവസാന സിനിമ എന്നതിനാലാണ് ആകാംക്ഷയോടെയുള്ള ആ കാത്തിരിപ്പ്. ട്രെയിലറും കൂടി പുറത്തിറങ്ങിയതോടെ ജനനായകന്റെ ഹൈപ്പ് വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജനനായകനൊപ്പം ഭഗവന്ത് കേസരിയുടെയും സ്വീകാര്യത വര്‍ദ്ധിച്ചുവെന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന മറ്റൊരു ഘടകം.
ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകനെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ജനനായകന്റെ സംവിധായകൻ എച്ച് വിനോദടക്കം ഇത് നിഷേധിച്ചിട്ടുണ്ട്. പക്ഷേ ട്രെയിലറിലെ സാമ്യം ചൂണ്ടിക്കാട്ടി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അതിനാല്‍ ഭഗവന്ത് കേസരി വീണ്ടും കാണാൻ പ്രേക്ഷകര്‍ തയ്യാറാകുന്നുവെന്നതാണ് ഒടിടി ട്രെൻഡിംഗ് അപ്‍ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഭഗവന്ത് കേസരി സ്‍ട്രീം ചെയ്യുന്നത്. നിലവില്‍ ആമസോണ്‍ പ്രൈം വീഡിയോ ട്രെൻഡിംഗില്‍ ഒന്നാം സ്ഥാനത്തേയ്‍ക്ക് കുതിച്ചെത്തിയിരിക്കുകയാണ് ഭഗവന്ത് കേസരി.
നന്ദമുരി ബാലകൃഷ്‍ണ നായകനായെത്തി ഹിറ്റായ ചിത്രമാണ് ഭഗവന്ത് കേസരി. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. നന്ദമുരി ബാലകൃഷ്‍ണയുടെ ഹാട്രിക് വിജയമായി ചിത്രം മാറിയിരുന്നു. സംവിധായകൻ അനില്‍ രവിപുഡിക്ക് ബാലയ്യ ചിത്രത്തിന്റെ നിര്‍മാതാവ് ടൊയോട്ട വെല്‍ഫയര്‍ ബ്രാൻഡിന്റെ പുതിയ മോഡല്‍ കാര്‍ സമ്മാനമായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അനില്‍ രവിപുഡിക്ക് ഏകദേശം 1.30 കോടി രൂപയോളം വിലയുള്ള കാറാണ് നിര്‍മാതാവ് സമ്മാനമായി നല്‍കിയിരിക്കുന്നത്. ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 88.55 കോടി രൂപ ഭഗവന്ത് കേസരി നേടിയിരുന്നു. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 1.90 കോടി രൂപയും നേടിയെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് ഭഗവന്ത് കേസരി 14.05 കോടി രൂപയും ആകെ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഹിന്ദി പതിപ്പിനും നന്ദമൂരി ബാലകൃഷ്‍ണ തന്നെ ഡബ്‍ ചെയ്‍തിരിക്കുന്നത് പ്രേക്ഷകരുടെ പ്രശംസയ്‍ക്കും കാരണമായിട്ടുണ്ട്.
ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തില്‍ എന്നും ഭഗവന്ത് കേസരി കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിന് പുറമേ അര്‍ജുൻ രാംപാലും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ബാലയ്യ നായകനായ ഒരു വണ്‍മാൻ ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഒന്നാകെ ഏറ്റെടുത്തിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
