മുംബൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുകയാണ് ഡോക്ടർമാരും നഴ്സുമാരുമാരും മറ്റ് ആരോഗ്യപ്രവർത്തകരും. ഈ പോരാട്ടത്തിൽ അവർക്കൊപ്പം കൈ കോര്‍ക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ. 

കൊവിഡ് മുന്നണിപ്പോരാളികൾക്കായി 1000 വ്യക്തിഗത സുരക്ഷാ കിറ്റുകൾ സംഭാവന ചെയ്യുമെന്ന് വിദ്യാ ബാലൻ അറിയിച്ചു. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയൊരു ആയിരം കിറ്റുകൾ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തിൽ പങ്കാളികളാവണമെന്ന് വിദ്യ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

“നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി അതിർത്തിയിൽ പോരാടുന്ന ജവന്മാരെ പോലെയാണ് ആരോഗ്യപ്രവർത്തകർ കൊവിഡ് 19നെതിരെ യുദ്ധം ചെയ്യുന്നത്. നമ്മുടെ സൈനികരെ യുദ്ധത്തിന് സജ്ജരാക്കുന്നതുപോലെ നമ്മുടെ മെഡിക്കൽ സ്റ്റാഫുകൾക്കും അത് ചെയ്യണം. നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ,  എന്നിവരുടെ ദൈനംദിന ജോലികളിൽ പിപിഇ കിറ്റിന്റെ കുറവുണ്ട്. ഈ രീതി മാറ്റുന്നതിന് എന്നോടൊപ്പം ചേരൂ. രാജ്യത്തുടനീളമുള്ള മെഡിക്കൽ സ്റ്റാഫുകൾക്ക് ഞാൻ 1000 പിപിഇ കിറ്റുകൾ സംഭാവന ചെയ്യുന്നു“ വിദ്യാ ബാലൻ പറ‍ഞ്ഞു.

കൊവിഡിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബോളിവുഡില്‍ നിന്നും നിരവധി പേരാണ് സഹായവുമായി രംഗത്തെത്തുന്നത്. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളെല്ലാം സഹായവുമായി എത്തിയിരുന്നു.