കണക്കുകളുടെ ലോകത്തെ ഇന്ത്യൻ റാണിയായിരുന്നു ശകുന്തള ദേവി. കണക്കുകൂട്ടലുകളുടെ വേഗതയില്‍ ലോകത്തെ തന്നെ അമ്പരപ്പിച്ച പ്രതിഭ. കണക്കുകൂട്ടലുകളില്‍ മാത്രവുമായിരുന്നില്ല ശകുന്തള ദേവിയുടെ ജീവിതം. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായി. ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ശകുന്തളാ ദേവിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയ നടി വിദ്യാ ബാലനാണ്. ഇപ്പോള്‍ ശകുന്തളാ ദേവിയുടെ ഓര്‍മ്മദിനത്തില്‍ ആദരവുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ."

നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി 1929 നവംബർ നാലിനാണ് ശകുന്തളാ ദേവിയുടെ ജനനം. സര്‍ക്കസുകാരനായ പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകൾ കാട്ടിയായിരുന്നു കണക്കുകളുമായി ചെറുപ്പത്തിലേ ശകുന്തളാ ദേവി കൂട്ടുകൂടിയത്. മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്.  എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന ശകുന്തള ദേവി എത്തി. ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

അനു മേനോനാണ്  ശകുന്തള ദേവിയുടെ ജീവിതകഥ പ്രമേയമായ ചിത്രം സംവിധാനം ചെയ്യുന്നത്.

ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമായ ഇംപീരിയല്‍ കോളേജില്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു.  ശകുന്തള ദേവിക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‍സ് ലഭിക്കുന്നത് ഇംപീരിയല്‍ കോളേജില്‍ നിന്നാണ്. ആ കോളേജില്‍ പോകാൻ അവസരം ലഭിച്ചത് ഭാഗ്യമായിട്ടാണ് കാണുന്നത് എന്നാായിരുന്നു വിദ്യാ ബാലൻ പറഞ്ഞിരുന്നത്.  അന്താരാഷ്‍ട്രതലത്തില്‍ തലക്കെട്ടുകള്‍ സൃഷ്‍ടിക്കുന്നതിനും പ്രതിഭകൊണ്ട് മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതിലും ശകുന്തളാ ദേവിക്ക് തുല്യമായി മറ്റാരുമില്ല എന്ന് പറഞ്ഞാണ് ഇന്ന് ഓര്‍മ്മ ദിനത്തില്‍ വിദ്യാ ബാലൻ ആദരവ് അര്‍പ്പിച്ചത്.  എണ്‍പതിനാലാമത്തെ വയസില്‍ ഏപ്രില്‍ 21നായിരുന്നു ശകുന്തള ദേവി അന്തരിച്ചത്.

വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി എന്ന കഥാപാത്രമായിട്ടാണ് സാന്യ മല്‍ഹോത്ര ചിത്രത്തില്‍ അഭിനയിക്കുന്നത്.