'നാനും റൗഡി താന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍ താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. 'കാതുവാക്കുള രെണ്ടു കാതല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 2020 വാലന്റൈന്‍സ് ഡേയില്‍ പ്രഖ്യാപിച്ച സിനിമ കൊവിഡ് കാരണം അനിശ്ചിതമായി നീളുകയായിരുന്നു.

സമാന്ത അക്കിനേനിയും ചിത്രത്തിൽ മറ്റൊരു നായികയായി എത്തുന്നുണ്ട്. മലയാള ചിത്രമായ 'നിഴല്‍' പൂര്‍ത്തിയാക്കി നയന്‍താര 'കാതുവാക്കുള രെണ്ടു കാതലി'ല്‍ ജോയിന്‍ ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ് സേതുപതി അഭിനയിക്കുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്ത് തുടങ്ങിയത്. ത്രികോണ പ്രണയമാണ് സിനിമയുടെ പ്രമേയം. 

നെട്രിക്കണ്‍ എന്ന ചിത്രമാണ് നയന്‍താരയുടെ ഇനി റിലീസ് ചെയ്യാനുള്ളത്. വിഗ്നേഷ് ശിവന്റെ റൗഡി പിക്‌ചേഴ്‌സാണ് നെട്രിക്കണ്‍ നിര്‍മ്മിക്കുന്നത്. നയന്‍താരയും വിഗ്നേഷും നിര്‍മ്മിക്കുന്ന റോക്കി എന്ന സിനിമയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.