'കാതുവാക്കുള രണ്ടു കാതല്‍' ചിത്രത്തിനാണ് നയൻതാര ഡബ്ബ് ചെയ്യുന്നത്.

വിഘ്‍നേശ് ശിവന്റെ (Vignesh Shivan) സംവിധാനത്തിലുള്ള ചിത്രം 'കാതുവാക്കുള രണ്ടു കാതല്‍' (Kaathu Vaakula Rendu Kaadhal) ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജില്‍ ആണ് 'കാതുവാക്കുള രണ്ടു കാതല്‍'. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‍നേശ് ശിവൻ തന്നെയാണ് ഷെയര്‍ ചെയ്‍തത്. നയൻതാര തന്റെ ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ് ഇപോള്‍ വിഘ്‍നേശ് ശിവൻ.

ഏറെക്കാലമായി പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് കാത്തിരിക്കുകയാണ് വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ആരാധകര്‍. ഇരുവരുടെയും വിവാഹം വൈകാതെ നടക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് 'കാതുവാക്കുള രണ്ടു കാതല്‍' പ്രഖ്യാപിക്കപ്പെട്ടത്. അന്‍പോടെ കാതലന്‍... നാന്‍ എളുതും ഡയലോഗ്' എന്ന് പറഞ്ഞുകൊണ്ടാണ് ഡബ്ബിങ് വിശേഷം വിഘ്‍നേശ് ശിവൻ പങ്കുവെച്ചത്. കണ്‍മണി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നയൻതാര അഭിനയിക്കുന്നത്.

View post on Instagram

വിഘ്‍നേശ് ശിവനും നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'പാവ കഥൈകളെ'ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്. വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു. 

ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ് എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പുണ്ടായിട്ടില്ല.