പാൻ-ഇന്ത്യ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിൽ വിഘ്നേഷ് ശിവന്റെ പങ്കാളിത്തം സോഷ്യൽ മീഡിയയിൽ വിവാദത്തിന് കാരണമായി. 

മുംബൈ:  2024 അവസാനം ആയതോടെ റൗണ്ട് ടേബിള്‍ വീഡിയോകള്‍ വരാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ​ഗലാട്ട പ്ലസിന്‍റെ പാന്‍ ഇന്ത്യ ഡയറക്ടേഴ്സ് റൗണ്ട് ടേബിളായിരുന്നു.ഭരദ്വാജ് രങ്കന്‍ അവതാരകനായി എത്തിയ ഈ റൗണ്ട് ടേബിളില്‍ ലിജോ ജോസ് പല്ലിശേരി, കബീര്‍ ഖാന്‍, ശ്രീജിത്ത് മുഖര്‍ജി, വിഘ്നേഷ് ശിവന്‍, വെങ്കി അട്ടലൂരി, രാജ് കുമാര്‍ പെരിയസ്വാമി, ചിദംബരം, റീമ കഗ്തി എന്നിവരാണ് പങ്കെടുത്തത്. 

എന്നാല്‍ ഇതില്‍ വിഘ്നേഷ് ശിവന്‍ പങ്കെടുത്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് വഴിവയ്ക്കുന്നത്. പാന്‍ ഇന്ത്യ ഡയറക്ടേഴ്സ് റൗണ്ട് ടേബിള്‍ എന്നതില്‍ എങ്ങനെ വിഘ്നേഷ് ഇടം പിടിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ഇദ്ദേഹം എന്ത് പാന്‍ ഇന്ത്യ നേട്ടമാണ് ഉണ്ടാക്കിയത് എന്ന ചോദ്യമാണ് എക്സിലും മറ്റും ഉയരുന്നത്. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ കണ്ടു. ഇദ്ദേഹം കഴിഞ്ഞ കാലത്ത് എടുത്ത പ്രധാന ചിത്രം ഏതാണ് എന്നാണ് ഒരാളുടെ ചോദ്യം. 

പാന്‍ ഇന്ത്യ ഡയറക്ടേഴ്സ് റൗണ്ട് ടേബിള്‍ എന്ന ടൈറ്റിലും വിഘ്നേഷിന്‍റെ ഫോട്ടോയും വച്ച് മീമുകളും പ്രചരിക്കുന്നുണ്ട്. കാത്തുവക്കല്‍ രണ്ട് കാതല്‍ എന്ന 2022 ലെ ചിത്രത്തിന് ശേഷം വിഘ്നേഷ് ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. അജിത്തിന്‍റെ ചിത്രം നേരത്തെ കമ്മിറ്റ് ചെയ്തെങ്കിലും അത് ഡ്രോപ്പ് ആകുകയായിരുന്നു. 

എന്നാല്‍ സമീപകാല വിവാദങ്ങളുടെ പേരിലാണ് വിഘ്നേഷ് ട്രോള്‍ ചെയ്യപ്പെടുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേ സമയം അജിത്ത് ചിത്രം എന്തുകൊണ്ട് നഷ്ടപ്പെട്ടുവെന്ന് ഗലാട്ട പ്ലസിന്‍റെ പാന്‍ ഇന്ത്യ ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ വിഘ്നേഷ് തുറന്നു പറയുന്നുണ്ട്. 

ആവേശം പോലെ ഒരു കോമഡി ആക്ഷന്‍ പടമാണ് താന്‍ എഴുതിയതെന്നും, എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് ആ കഥ ഇഷ്ടപ്പെടാത്തതിനാല്‍ ആ സിനിമ നടന്നില്ലെന്നുമാണ് വിഘ്നേഷ് പറഞ്ഞത്. അതേ സമയം ലൈക് എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലാണ് വിഘ്നേഷ് ശിവന്‍. 

'അയാള്‍ അത് നിര്‍ത്തിയില്ല': ഇന്‍റിമേറ്റ് രംഗത്തില്‍ നടന്‍റെ അസഭ്യമായ പെരുമാറ്റം വിവരിച്ച് നടി സയാനി ഗുപ്ത

'ഓര്‍ത്തോ, ഇത് പലിശ സഹിതം തിരിച്ചുകിട്ടും': നയന്‍താരയുടെ വാക്കുകള്‍, ലക്ഷ്യം ധനുഷ് !