നയൻതാരയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് വിഘ്‍നേശ് ശിവൻ. 

തമിഴകത്തെ വിജയ ചിത്രങ്ങളുടെ സ്‍ഥിരം നായികയായി വിശേഷിപ്പിക്കപ്പെടുന്ന നയൻതാരയ്‍ക്ക് (Nayanthara) ഇന്ന് ജന്മദിനം. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻതാരയ്‍ക്ക് ഹൃദയം തൊടുന്ന ജന്മദിന ആശംസയാണ് നടിയുടെ കാമുകനും സംവിധായനുമായ വിഘ്‍നേശ് ശിവൻ (Vignesh Shivan) നേരുന്നത്. നയൻതാരയുടെ ജന്മദിനത്തിന് വിപുലമായ ആഘോഷവും വിഘ്‍നേശ് ശിവൻ സംഘടിപ്പിച്ചിരുന്നു. 'കാത്തു വാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് വിഘ്‍നേശ് ശിവൻ ഇപോള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

കണ്‍മണി, തങ്കമേ, എന്റെ എല്ലാമായ നിനക്ക് സന്തോഷ ജന്മദിനം. അതുല്യയും മനോഹരിയും, കരുത്തുറ്റയും ഉറച്ച അഭിപ്രായമുള്ള വ്യക്തിയുമായി എന്നും തുടരാൻ അനുഗ്രഹിക്കപ്പെടട്ടേ. വിജയവും സന്തോഷ നിമിഷങ്ങളും മാത്രം നിറഞ്ഞ ജീവിതത്തിന് ആശംസകൾ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നുമാണ് വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നത്.

Scroll to load tweet…

വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാത്തു വാക്കുള രണ്ടു കാതല്‍'. വിഘ്‍നേശ് ശിവനും നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. പാവ കഥൈകളെന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്.

വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു. ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ് എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി.