Asianet News MalayalamAsianet News Malayalam

ഏഴാം വയസില്‍ അച്ഛന്‍റെ ആത്മഹത്യ, ഇപ്പോള്‍ മകളും; ഹൃദയം നുറുങ്ങി വിജയ് ആന്‍റണി

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര

vijay antony father died also by suicide when he was a child news after daughter meera nsn
Author
First Published Sep 19, 2023, 11:05 AM IST

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ ആത്മാഹുതി ചെയ്തെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്‍റെ മകള്‍ മീരയെ ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ടത് വിജയ് ആന്‍റണി തന്നെ ആയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ ഉണ്ടാവാറുള്ള താരമാണ് വിജയ് ആന്‍റണി. ആത്മഹത്യാവിരുദ്ധ സന്ദേശങ്ങള്‍ ആകാവുന്ന വേദികളിലൊക്കെ നല്‍കിയിട്ടുണ്ട് അദ്ദേഹം. അതിനൊരു വ്യക്തിപരമായ കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ആത്മഹത്യ ചെയ്തതായിരുന്നു. വിജയ് ആന്‍റണിക്ക് ഏഴ് വയസ് മാത്രമുള്ളപ്പോഴായിരുന്നു അച്ഛന്‍റെ വിടവാങ്ങല്‍.

ഇതേക്കുറിച്ച് ഒരു വേദിയില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്- "ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടിവന്നാലും ആത്മഹത്യ മാത്രം ചെയ്യരുത്. ചെയ്യാനേ പാടില്ല. (ആത്മഹത്യ ചെയ്തവരുടെ) കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് എനിക്ക് വലിയ വിഷമം തോന്നാറ്. എന്‍റെ അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എനിക്ക് അപ്പോള്‍ ഏഴ് വയസ് ആയിരുന്നു. എന്‍റെ പെങ്ങള്‍ക്ക് അഞ്ച് വയസും. അതിന്‍റെ കാരണവും മറ്റും എന്‍റെ വ്യക്തിജീവിതമാണ്. അത് ഇവിടെ പറയേണ്ട കാര്യമില്ല. നിങ്ങളെ സംബന്ധിച്ച് അത് വലിയ കാര്യവും ആയിരിക്കില്ല. പക്ഷേ അച്ഛന്‍ പോയതിന് ശേഷം ഞങ്ങളെ വളര്‍ത്താന്‍ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന സങ്കടം വലുതാണ്. ജീവിതത്തിലെ പലവിധമായ പ്രതിസന്ധികളുടെ ആഴം എന്താണെന്ന് എനിക്കറിയാം. ഒരുപാട് മനുഷ്യരെ കാണുന്നതാണ്. പക്ഷേ ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ആലോചിക്കരുത്".

 

മറ്റൊരു വേദിയില്‍ വര്‍ധിച്ചുവരുന്ന ആത്മാഹുതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ- "മുതിര്‍ന്നവരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മാഹുതിയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടിവരികയാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക."

 

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള ആള്‍. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജൂണ്‍ മാസത്തില്‍ മീര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മകളെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ വിജയ് ആന്‍റണി മകളുടെ ഈ നേട്ടത്തിന്‍റെ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം മീര കുറച്ച് കാലമായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലാറ എന്ന മറ്റൊരു മകള്‍ കൂടിയുണ്ട് വിജയ് ആന്‍റണിക്ക്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

ALSO READ : 'എബോ ആവറേജ് മാത്രമായിരുന്നു ആദ്യം ജയിലര്‍'; വിജയത്തിന്‍റെ യഥാര്‍ഥ അവകാശി ആരെന്ന് രജനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios