"ഒരു പണക്കാരനായി എന്ന ഫീലിംഗ് എനിക്ക് ഇപ്പോഴാണ് വന്നത്. സത്യമായും പറഞ്ഞതാണ്"

കോളിവുഡിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. തമിഴ്നാടിന് പുറത്ത് കേരളമടക്കമുള്ള മാര്‍ക്കറ്റുകളിലും വിദേശത്തുമൊക്കെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. വിജയാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഇന്നലെ ഒരു സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത് രജനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഭൂരിഭാഗം അണിയറക്കാരുടെയും അഭിനേതാക്കളുടെയും നിര്‍മ്മാതാവിന്‍റെയും പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ച രജനി ഏറ്റവുമധികം പ്രശംസിച്ചത് രണ്ട് പേരെ ആയിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനെയും. റീ റെക്കോര്‍ഡിംഗിന് മുന്‍പ് കണ്ടപ്പോള്‍ ആവറേജിന് മുകളിലുള്ള ഒരു അനുഭവം മാത്രമായിരുന്നു തനിക്ക് ജയിലറെന്ന് രജനികാന്ത് പറഞ്ഞു. പിന്നീട് സംഭവിച്ച അനിരുദ്ധ് മാജിക്കിനെക്കുറിച്ചും അദ്ദേഹം വാചാലനായി.

വിജയാഘോഷത്തിന്‍റെ ഭാഗമായി തനിക്കും സംവിധായകന്‍ നെല്‍സണും അനിരുദ്ധിനും കാറുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് കലാനിധി മാരന്‍റെ മനസിനെ പ്രശംസിച്ചുകൊണ്ടാണ് രജനി പ്രസംഗം ആരംഭിച്ചത്. "ഒരു പണക്കാരനായി എന്ന ഫീലിംഗ് എനിക്ക് ഇപ്പോഴാണ് വന്നത്. സത്യമായും പറഞ്ഞതാണ്. വിജയത്തിന്‍റെ സന്തോഷം എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കുവച്ച കലാ സാര്‍ (കലാനിധി മാരന്‍) മറ്റെല്ലാ ഇന്‍ഡസ്ട്രികള്‍ക്കും മാതൃകയാണ്", രജനി പറഞ്ഞു. പിന്നീടായിരുന്നു അനിരുദ്ധിന്‍റെ ചിത്രത്തിലെ വര്‍ക്കിനെക്കുറിച്ചുള്ള പരാമര്‍ശം.

"നിങ്ങളോട് സത്യം പറയുകയാണെങ്കില്‍, റീ റെക്കോര്‍ഡിംഗിന് മുന്‍പ് എന്നെ സംബന്ധിച്ച് പടം ആവറേജിന് മുകളില്‍ എന്നേ ഉണ്ടായിരുന്നുള്ളൂ. അനി (അനിരുദ്ധ് രവിചന്ദര്‍) പടത്തെ കൊണ്ടുപോയത് ഞാന്‍ കണ്ടു. അവന്‍ എന്‍റെ മകനാണ്. എനിക്കും നെല്‍സണ്‍ എന്ന സുഹൃത്തിനും ഹിറ്റ് കൊടുക്കണമെന്നായിരുന്നു അവന്. ഒരു വധു വിവാഹാഭരണങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് എങ്ങനെ ഉണ്ടാവും? അങ്ങനെ ഇരുന്ന ജയിലറെ അലങ്കാരത്തോടെ മുന്നിലേക്ക് വച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയാണ് അനി ജയിലറെ മുന്നിലേക്ക് കൊണ്ടുവന്നത്. സൂപ്പര്‍", രജനി പറഞ്ഞു.

ഛായാ​ഗ്രാഹകന്‍, എഡിറ്റര്‍, അതിഥിവേഷങ്ങളിലെത്തിയ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി എല്ലാവര്‍ക്കും നന്ദി പറഞ്ഞ രജനികാന്ത് ജയിലര്‍ വിജയം സൃഷ്ടിച്ച സമ്മര്‍ദ്ദത്തെക്കുറിച്ചും പറഞ്ഞു- "അഞ്ച് ദിവസം മാത്രമാണ് ജയിലറിന്‍റെ വിജയം നല്‍കിയ സന്തോഷം നിലനിന്നത്. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ടെന്‍ഷനായിരുന്നു പിന്നീട്. ഇതുപോലെ ഒരു ഹിറ്റ് എങ്ങനെ കൊടുക്കുമെന്ന് ആലോചിച്ചിട്ട്", രജനി പറഞ്ഞുനിര്‍ത്തി.

ALSO READ : വൈശാഖിന്‍റെ ബിഗ് ബജറ്റ് ചിത്രം 'ബ്രൂസ്‍ ലീ' ഇനി നടക്കില്ല; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക