സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്‍റെ വിയോഗത്തിലുള്ള സങ്കടം പങ്കുവച്ച് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. "ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും  എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി.... നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്നേഹം", വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാനവാസ്. ഇന്ന് രാത്രിയോടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ 'കരി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. പിന്നീടാണ് ജയസൂര്യയെയും അദിതി റാവു ഹൈദരിയെയും പ്രധാന കഥാപാത്രങ്ങളാക്കി 'സൂഫിയും സുജാതയും' എന്ന ചിത്രം ഒരുക്കിയത്. വിജയ് ബാബു നിര്‍മ്മിച്ച ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസും ആയിരുന്നു.