മലയാള സിനിമയിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് എന്ന നിലയില്‍ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് 'സൂഫിയും സുജാതയും'. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെയാണ് എത്തിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമാതീയേറ്ററുകള്‍ അടച്ചിട്ടിട്ട് 100 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഒരു സിനിമ ഒടിടി ഡയറക്ട് റിലീസ് ആയി എത്തിയിരിക്കുന്നത്. സിനിമയ്ക്കു ലഭിച്ച ഒരു സെലിബ്രിറ്റി പ്രതികരണത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ വിജയ് ബാബു.

ചിത്രം കണ്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ വിളിച്ചതിനെക്കുറിച്ചാണ് വിജയ് ബാബു പറയുന്നത്. "ഞാന്‍ ഏറെ ആരാധിക്കുന്ന പ്രിയദര്‍ശന്‍ സാര്‍ എന്നെ വിളിച്ചു. സൂഫിയും സുജാതയും എന്ന ചിത്രം അത്രയും ഇഷ്ടമായെന്നു പറഞ്ഞു. ഇതിലും സന്തോഷം പകരുന്ന ഒന്നുമില്ല. നന്ദി സാര്‍. നിങ്ങളെന്‍റെ ദിവസം ഗംഭീരമാക്കി". വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

 

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വല്‍സല മേനോന്‍, കലാരഞ്ജിനി, സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു. എം ജയചന്ദ്രന്‍റേതാണ് സംഗീതം. ഛായാഗ്രഹണം അനു മൂത്തേടത്ത്.