വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗം, അവരാരും പുറത്താക്കിയിട്ടില്ലല്ലോ എന്ന് ഇടവേള ബാബു, ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. 

വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. 

'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക എന്നു൦ ഇടവേള ബാബു പറഞ്ഞു. 'അമ്മ' തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ൦ ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു. 

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ ശക്തമായ പ്രതിഷേധം; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് താരസംഘടന
രാവിലെ ആരംഭിച്ച 'അമ്മ' ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് യോഗത്തിന് കയറിപ്പോകവേ വിജയ് ബാബു പറഞ്ഞു. വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് 'അമ്മ' പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവച്ച നടി ശ്വേത മേനോനും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് ക്വാറന്‍റീനിലായതിനാല്‍ നടി മാല പാർവതി യോഗത്തിൽ പങ്കെടുത്തില്ല. വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെ ഡബ്ല്യുസിസി (WCC) വിമർശിച്ചു. സ്ത്രീകളോട് 'അമ്മ' കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. 

YouTube video player

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. ഡബ്ല്യുസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.