ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരണ്‍ കോലയാണ്. 

തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം വരുന്നു. രാജ വാരു റാണി ഗാരു, റൗഡി ജനാര്‍ദ്ദന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള രവി കിരണ്‍ കോലയാണ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. നേരത്തെ കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയില്‍ വിജയ് ദേവരകൊണ്ട അഭിനിച്ചിരുന്നെങ്കിലും ഇരുവരും ഒരുമിച്ച് എത്തുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഇരുവരുടെയും ആരാധകരെ സംബന്ധിച്ച് പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആവേശം പകരുന്നതാണ്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഡ്രാമയാണ് പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാരുടെ പദ്ധതിയെന്നും അറിയുന്നു. എന്നാല്‍ രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം വിജയ് ദേവരകൊണ്ടയ്ക്ക് അതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പ്ലാന്‍.

കിങ്ഡം ആണ് വിജയ് ദേവരകൊണ്ടയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ രചനയും സംവിധാനവും ഗൗതം തിണ്ണനൂരി ആയിരുന്നു. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നായിരുന്നു ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. എന്നാല്‍ കാര്യമായി പ്രേക്ഷകശ്രദ്ധ നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.

അതേസമയം കീര്‍ത്തി സുരേഷിന്‍റേതായി ഈ വര്‍ഷം എത്തിയ ചിത്രവും തെലുങ്കില്‍ നിന്നാണ്. ഉപ്പ് കപ്പുറമ്പ് എന്ന് പേരിട്ട ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തിയത്. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം ഐ വി ശശിയുടെ മകന്‍ അനി ഐ വി ശശി ആയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming