സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ഹൃദയപൂര്‍വ്വം ബോക്സ് ഓഫീസില്‍ 75 കോടിയിലധികം നേടി മികച്ച വിജയം കുറിച്ചിരുന്നു. ചിത്രം ഇപ്പോള്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ വലിയ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 28 ന് ആയിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞതോടെ ചിത്രം മോഹന്‍ലാലിന്‍റെ സമീപകാല വിജയങ്ങളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയില്‍ അധികമാണ് ചിത്രം ഇതുവരെ നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ 26 നാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ പുതിയൊരു ട്രെയ്‍ലറും പുറത്തെത്തിയിട്ടുണ്ട്. 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുതിയ ട്രെയ്‍ലര്‍.

ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, ലാലു അലക്സ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റേതാണ് ചിത്രത്തിന്‍റെ കഥ.

ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.

Hridayapoorvam | Trailer | Mohanlal | Sathyan Anthikad | Antony Perumbavoor | Sept 26 | JioHotstar