സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് സൂരരൈ പൊട്രു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട് പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിജയ് ദേവെരകൊണ്ട. സൂര്യയുടെ മികച്ച അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. സൂര്യക്കൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് പ്രശംസ നേടിയ അപര്‍ണ ബാലമുരളിയെയും എടുത്തുപറയുകയാണ് വിജയ് ദേവെരകൊണ്ട.

സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്‍ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാൻ അത്ഭുതപ്പെടുന്നു. ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനയിക്കുന്നുവെന്ന് വിജയ് ദേവെരകൊണ്ട പറയുന്നു.

റിലീസിന് മുന്നേ തന്നെ ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു.

സിനിമ റീലീസ് ചെയ്‍തപ്പോള്‍ വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  ജി ആര്‍ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമ ജി ആര്‍ ഗോപിനാഥിനും ഇഷ്‍ടപ്പെട്ടിരുന്നു. സൂര്യ സൂരരൈ പൊട്രുവിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതും.