ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് വീണ്ടും നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 'മാസ്റ്റര്‍' എന്ന വൻ ഹിറ്റിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. 'ദളപതി 67' എന്ന വിളിപ്പേരുള്ള ചിത്രത്തിനെ കുറിച്ചുള്ള അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയുമാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയെന്ന വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങിയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിജയ് നായകനാകുന്ന ചിത്രം ചെന്നൈയില്‍ 10 ദിവസമായിരിക്കും ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ എന്ന് ചില മാധ്യമങ്ങളും പറയുന്നുണ്ട്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് എന്ന് അടുത്തിടെ അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് 'വാരിശ്' ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

വിജയ്‍ക്ക് പുറമേ രശ്‍മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയ വൻ താരനിര തന്നെ 'വാരിസ്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

Read More: അമ്പമ്പോ എന്തൊരു ലുക്ക്, ഹൃത്വിക്കിന്റെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍