തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ പാർട്ടി 108 സീറ്റുകൾ നേടി വിജയിച്ചു. സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, സെൻസർ പ്രശ്‌നങ്ങൾ കാരണം റിലീസ് മുടങ്ങിയ അദ്ദേഹത്തിന്റെ 'ജനനായകൻ' പുറത്തിറക്കാൻ ശ്രമം തുടങ്ങി.
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയിരിക്കുകയാണ് വിജയ്. വരും ദിവസങ്ങളിൽ മന്ത്രിസഭാ രൂപീകരണവും മറ്റും നടക്കാൻ ഇരിക്കുകയാണ്. തതവസരത്തിൽ സെൻസർ ബോർഡിന്റെ അനുമതിയില്ലാത്തതിനാൽ റിലീസ് നീണ്ടുപോയ വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് വിവരം. സിനിമ മെയ് 28ന് റിലീസ് ചെയ്യാനാണ് ശ്രമം.

ജനുവരി 9ന് ആയിരുന്നു ജനനായകൻ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും തുടർന്നുള്ള വിവാദങ്ങളും നിയമപോരാട്ടങ്ങളും കാരണം റിലീസ് നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിനിമ സോഷ്യൽ മീഡിയയിൽ ചോരുകയും ചെയ്തിരുന്നു. അതേസമയം, ജനനായകൻ നിർമാതാവിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ഒരു ചിത്രം കൂടി പരിഗണിക്കാമെന്ന് വിജയ് സൂചിപ്പിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ വീണ്ടും അഭിനയിക്കാൻ സാധ്യത കുറവാണ്.
റിപ്പോർട്ടുകൾ പ്രകാരം 350–380 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
മെയ് 4ന് ആയിരുന്നു തമിഴ്നാട്ടിലും വോട്ടെണ്ണൽ നടന്നത്. ആദ്യമെല്ലാം സ്റ്റാലിന്റെ ഡിഎംകെ ആയിരുന്നു മുന്നലെങ്കിലും അത് അധിക സമയം നീണ്ടും നിന്നില്ല. പിന്നാലെ ടിവികെയുടെ വൻ കുതിപ്പായിരുന്നു വോട്ടെണ്ണലിൽ കണ്ടത്. 234 സീറ്റുകളിൽ 108 എണ്ണവും വിജയിയുടെ ടിവികെ സ്വന്തമാക്കി. അതേസമയം, മന്ത്രിസഭ രൂപീകരണത്തിന് കോൺഗ്രസ്, ടിവികെയ്ക്ക് കൈ നൽകിയതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും വിജയ് പിന്തുണ തേടിയിട്ടുണ്ട്. അൽപസമയം മുൻപ് വിജയ് ഗവർണറെ സന്ദർശിച്ചിരുന്നു. അണ്ണാഡിഎംകെയുമായി സഖ്യമില്ലെന്ന് നേരത്തെ തന്നെ ടിവികെ വ്യക്തമാക്കിയിരുന്നു.



