തനിക്കൊപ്പം മകള്‍ ശ്രീജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സിനിമ പ്രഖ്യാപിച്ച് വിജയ് സേതുപതി. 'മുഗിഴ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും വിജയ് സേതുപതി തന്നെയാണ്. ഓറഞ്ച് മിഠായി, ജുംഗ, മെര്‍ക് തൊഡര്‍ച്ചി മലൈ, ചെന്നൈ പളനി മാര്‍സ്, ലാബം എന്നീ ചിത്രങ്ങളാണ് വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ഇതിനുമുന്‍പ് നിര്‍മ്മിച്ചിട്ടുള്ളത്.

വിജയ് സേതുപതിക്കും ശ്രീജയ്ക്കുമൊപ്പം റെഗിന കസാന്‍ഡ്രയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ കാര്‍ത്തിക് സ്വാമിനാഥനാണ് സംവിധാനം. സത്യ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം രേവയാണ്. പുതുവത്സര ദിനത്തില്‍ വൈകിട്ട് അഞ്ചിന് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തും.

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി വിജയ് സേതുപതി ചിത്രങ്ങള്‍ പുറത്തെത്താനുണ്ട്. നവാഗത സംവിധായിക ഇന്ദു വി എസ് ഒരുക്കുന്ന '19 (1)(എ)'യാണ് മലയാളത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രം. അതേസമയം ഏറ്റവും കാത്തിരിപ്പുയര്‍ത്തുന്ന റിലീസ് വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റര്‍' ആണ്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. വിജയ്‍ക്കൊപ്പം ആദ്യമായാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ജനുവരി 13നാണ് ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ്.