Asianet News MalayalamAsianet News Malayalam

'മോശം മാതൃകയാണ്, ക്ഷമ ചോദിക്കുന്നു'; പിറന്നാളാഘോഷത്തെ വിമര്‍ശിച്ചവരോട് വിജയ് സേതുപതി

സിനിമയുടെ അണിയറക്കാര്‍ക്കൊപ്പം സ്വന്തം ഓഫീസില്‍ നിന്നുള്ള പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വാള്‍ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു ഇവ

vijay sethupathi apologises for using a sword to cut birthday cake
Author
Thiruvananthapuram, First Published Jan 16, 2021, 1:56 PM IST

വിജയ് സേതുപതിയുടെ പിറന്നാളാണ് ഇന്ന്. വിജയ്‍ക്കൊപ്പം എത്തിയ 'മാസ്റ്ററി'ലെ പ്രതിനായക കഥാപാത്രം 'ഭവാനി' കൈയടികള്‍ നേടുമ്പോള്‍ പൊന്‍‍റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സിനിമയുടെ അണിയറക്കാര്‍ക്കൊപ്പം സ്വന്തം ഓഫീസില്‍ നിന്നുള്ള പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തമിഴ്നാട്ടില്‍ കത്താള്‍ എന്ന് വിളിക്കപ്പെടുന്നതരം വാള്‍ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു ഇവ. ട്വിറ്ററില്‍ അടക്കം ഇത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പിറന്നാള്‍ ദിനത്തില്‍ വിജയ് സേതുപതി.

"പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് എന്‍റെ ഓഫീസില്‍ വച്ച് നടന്ന പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ ചര്‍ച്ചാവിഷയമായി. ഒരു വാള്‍ ഉപയോഗിച്ചാണ് ഞാനന്ന് കേക്ക് മുറിച്ചത്. പൊന്‍‍റാം സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഞാനിനി അഭിനയിക്കുന്നത്. ആ ചിത്രത്തിന്‍റെ കഥ അനുസരിച്ച് വാളാണ് പ്രധാന കഥാപാത്രം. അതിനാലാണ് ആ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിനിടെ ആ വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇതൊരു മോശം മാതൃകയാണ്. അത് ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ എന്‍റെ ഭാഗത്തുനിന്നും ഇനി കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്ന് അറിയിക്കാനാണ് ഈ കുറിപ്പ്. ചിത്രം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു", വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

vijay sethupathi apologises for using a sword to cut birthday cake

 

ഡല്‍ഹിപ്രസാദ് ദീനദയാളന്‍ സംവിധാനം ചെയ്യുന്ന 'തുഗ്ലക്ക് ദര്‍ബാര്‍', എം മണികണ്ഠന്‍റെ 'കടൈസി വ്യവസായി', സീനു രാമസാമിയുടെ 'മാമനിതന്‍', ബോളിവുഡ് അരങ്ങേറ്റചിത്രമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'മുംബൈകര്‍', ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന മലയാളചിത്രം '19 (1)(എ)' തുടങ്ങി നിരവധി ചിത്രങ്ങള്‍ വിജയ് സേതുപതിയുടേതായി പുറത്തുവരാനുണ്ട്. 

Follow Us:
Download App:
  • android
  • ios