തീയേറ്ററുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ ആശ്രയിക്കുന്ന റിലീസിംഗ് മാര്‍ഗ്ഗമാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം പ്രമുഖ ബാനറുകളുടെയും താരങ്ങളുടെയും ചിത്രങ്ങള്‍ ഡയറക്ട് ഒടിടി റിലീസ് ആയി വന്നുകഴിഞ്ഞു. ആ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുകയാണ് വിജയ് സേതുപതി നായകനാവുന്ന പുതിയ ചിത്രം കാ പെ രണസിംഗം. ചിത്രത്തിന്‍റെ റിലീസിംഗ് തീയ്യതി അണിയറക്കാര്‍ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ രണ്ടിനാണ് ചിത്രത്തിന്‍റെ റിലീസ്. ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ ടിക്കറ്റ് എടുക്ക് കാണാനുള്ള സംരംഭമായ (പേ പെര്‍ വ്യൂ) സീപ്ലെക്സിലൂടെയാണ് ചിത്രം എത്തുന്നത്. അതേസമയം തെരഞ്ഞെടുത്ത ഡിടിഎച്ച് സര്‍വ്വീസുകളിലൂടെയും ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തും. ഡിഷ്‍ടിവി, ടാറ്റാ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ഡി2എച്ച് എന്നീ ഡിടിഎച്ച് സേവനങ്ങളിലൂടെയെല്ലാം ചിത്രം കാണാനാവും. അഞ്ച് ഇന്ത്യന്‍ ഭാഷകളിലെ റിലീസിനൊപ്പം പത്തിലേറെ അന്തര്‍ദേശീയ ഭാഷകളില്‍ സബ്‍ടൈറ്റിലും ലഭ്യമായിരിക്കും. ഒടിടി റിലീസ് 150ല്‍ ഏറെ രാജ്യങ്ങളില്‍ കാണാനാവും. 

പി വിരുമാണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായിക. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രക്കനി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജെആര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ കോട്ടപ്പടി ജെ രാജേഷ് ആണ് നിര്‍മ്മാണം. പീറ്റര്‍ ഹെയ്‍ന്‍ ആണ് സംഘട്ടന സംവിധാനം. സംഗീതം ജിബ്രാന്‍. വിജയ് സേതുപതിയും ഐശ്വര്യ രാജേഷും ഒരുമിച്ചെത്തുന്ന നാലാമത്തെ ചിത്രമാണിത്.